സുനാമി; ജപ്പാനിൽ 9 ലക്ഷം പേരെ ഒഴിപ്പിക്കാൻ നിര്‍ദേശം, ഹവായിയിൽ 10 അടി ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പ്

ടോക്കിയോ: സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലുടനീളം 900,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ നിര്‍ദേശം നൽകിയതായി ജപ്പാനിലെ അഗ്നിശമന, ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
ജപ്പാന്‍റെ പസഫിക് തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന വടക്ക് ഹൊക്കൈഡോ മുതൽ തെക്ക് ഒക്കിനാവ വരെയുള്ള 133 മുനിസിപ്പാലിറ്റികളിലെ താമസക്കാര്‍ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എത്ര പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന കാര്യത്തിൽ അധികൃതര്‍ വ്യക്തത നൽകിയിട്ടില്ല.
പ്രദേശത്ത് ഇതുവരെ, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, 50 സെന്‍റിമീറ്റർ (1.6 അടി) ഉയരമുള്ള സുനാമി തിരമാല ഇഷിനോമാകിയിൽ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു - ബുധനാഴ്ചത്തെ ഭൂകമ്പത്തിനുശേഷം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഉയർന്ന തിരമാലയാണിത്.
ഒരു ദിവസത്തിലധികം നീണ്ട് നിൽക്കുന്ന സുനാമി പ്രതീക്ഷിക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാരംഭ ഭൂകമ്പത്തിന് ശേഷവും സുനാമി തിരമാലകളും അനുബന്ധ അപകടങ്ങളും നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകൾ ജാഗ്രത പാലിക്കണമെന്ന് ഏജൻസി സൂചിപ്പിച്ചു.
ഭൂകമ്പത്തിന് ശേഷവും 24 മണിക്കൂറിലധികം അപകട സാധ്യത തുടരുമെന്നും തീരപ്രദേശങ്ങൾ ഒഴിവാക്കാനും ഔദ്യോഗിക അപ്‌ഡേറ്റുകൾ പ്രകാരം ജാഗ്രത പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പ്രാരംഭ തിരമാല 30 സെന്‍റി മീറ്ററിലെത്തിയ ഹോക്കൈഡോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആളുകൾ കാറിലോ കാൽനടയായോ ഉയർന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
റഷ്യയുടെ കിഴക്കൻ തീരത്തിനടുത്ത് ബുധനാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് പെറുവിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി നാവികസേന അറിയിച്ചു.
സ്ഥിതിഗതികൾ നിരന്തരമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പെറുവിയൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഹൈഡ്രോഗ്രഫി ആൻഡ് നാവിഗേഷൻ അറിയിച്ചു.
റഷ്യയിലെ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്തിന്‍റെ കിഴക്കൻ തീരപ്രദേശങ്ങളിൽ 30 സെന്‍റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് ചൈനയുടെ സുനാമി മുന്നറിയിപ്പ് കേന്ദ്രം ബുധനാഴ്ച അറിയിച്ചു.
ഗാലപാഗോസ് ദ്വീപുകളിലെ ബീച്ചുകൾ, പിയറുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിക്കാൻ ഇക്വഡോർ ഉത്തരവിട്ടു.
റഷ്യയിലെ ഭൂചലനത്തെ തുടര്‍ന്ന് കാനഡ, കാലിഫോർണിയ, ഹവായ്, ഇന്തോനേഷ്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയുടെ കിഴക്കൻ കാംചത്ക ഉപദ്വീപിൽ ബുധനാഴ്ചയാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്.
കാംചത്ക ഉപദ്വീപിലെ പെട്രോപാവ്‌ലോവ്‌സ്കിന് കിഴക്ക്-തെക്കുകിഴക്കായി അവാച്ച ബേയുടെ തീരത്ത് ഏകദേശം 125 കിലോമീറ്റർ (80 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.