ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍. അമേരിക്കയെ ഒഴിവാക്കി വിദേശ ടൂറിസ്റ്റുകള്‍. വ്യോമയാന മേഖലയിലും പ്രതിസന്ധി രൂക്ഷമാകുന്നു. 2025 ല്‍ ടൂറിസം മേഖലയില്‍ നിന്ന് വരുമാന നഷ്ടമുണ്ടായ ഏക രാജ്യമായി അമേരിക്ക

കോട്ടയം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലതിരിഞ്ഞ നയങ്ങളെ തുടർന്ന് അമേരിക്കയെ ഒഴിവാക്കി വിദേശ ടൂറിസ്റ്റുകള്‍. അമേരിക്കയിലെ ഹോട്ടല്‍ വ്യവസായം മുതല്‍ വ്യോമയാന മേഖല പോലും പ്രതിസന്ധി നേരിടുന്നു എന്നാണ് ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ ടൂറിസം മേഖലക്ക് 2,900 കോടി ഡോളറിന്റെ നഷ്ടം ഇതിനകം ഉണ്ടായതായി കൗണ്‍സിന്റെ കണക്കുകളെ അടിസ്ഥാനമാക്കി ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൂറിസം കൗണ്‍സിന്റെ പഠന പ്രകാരം 2025 ല്‍ ടൂറിസം മേഖലയില്‍ നിന്ന് വരുമാന നഷ്ടമുണ്ടായ ഏക രാജ്യം അമേരിക്കയാണ്.
എന്നാല്‍, അമേരിക്കയിലേക്ക് വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായുള്ള വീസക്ക് അപേക്ഷിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് 15,000 ഡോളര്‍ (ഏകദേശം 13.15 ലക്ഷം രൂപ)വരെ ബോണ്ട് ആവശ്യപ്പെടാനൊരുങ്ങുകയാണ് യു.എസ് വിദേശകാര്യമന്ത്രാലയം.
യു.എസിലേക്കുള്ള വീസ അപേക്ഷകര്‍ക്ക് സാമ്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുന്നതാണു പുതിയ നടപടി.
സമാനമായൊരു പരിഷ്‌കാരം 2020 നവംബറില്‍, ട്രംപിന്റെ ആദ്യ കാലയളവിലും കൊണ്ടു വന്നിരുന്നു. എന്നാല്‍ കൊവിഡ് 19 ആഗോള ട്രാവല്‍ മേഖലയെ ബാധിച്ചതിനാല്‍ ഇത് പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല.
ട്രംപിന്റെ നയം അമേരിക്കയുടെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി നല്‍കുന്നതായാണ് കണക്കുകള്‍. വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞത് ഈ മേഖലയില്‍ നിന്നുള്ള അമേരിക്കയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്.
അനുബന്ധമായി വ്യോമയാന മേഖലയിലും ബിസിനസ് തിരിച്ചടി നേരിടുകയാണ്. യു.എസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറയുന്നതായാണ് കണക്കുകള്‍.
അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലാസ് വെഗാസില്‍ ശൂന്യമായ ടെര്‍മിനലിലൂടെ നടക്കുന്ന അമേരിക്കന്‍ ടൂറിസ്റ്റിന്റെ വിഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
ലാസ് വെഗാസ് വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 41 ശതമാനം കുറഞ്ഞതായാണ് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ കണക്കുകളില്‍ പറയുന്നത്. ലാസ് വെഗാസ് നഗരത്തില്‍ ഹോട്ടലുകളിലെ ബുക്കിംഗില്‍ 6.5 ശതമാനം കുറവുണ്ടായി.
വിദേശ ടൂറിസ്റ്റുകള്‍ അമേരിക്കയെ ഒഴിവാക്കുന്നതായാണ് രാജ്യത്തെ ടൂറിസം മേഖലയിലെ സേവനദാതാക്കള്‍ പറയുന്നത്. യുഎസിലേക്ക് എത്തിയിരുന്നവര്‍ ജപ്പാനിലേക്കാണ് കൂടുതലായി പോകുന്നത്.
പെട്ടെന്നുണ്ടായ തിരിച്ചടിക്ക് കാരണമായി, പ്രസിഡന്റ് ട്രംപിന്റെ നയങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശികള്‍ക്കുള്ള വിസകളില്‍ കടുത്ത നിയന്ത്രണവും ഉയര്‍ന്ന വിസ ഫീസുകളും ഏര്‍പ്പെടുത്തിയത് ടൂറിസ്റ്റുകളെ പിന്തിരിപ്പിച്ചു.