ഇന്ത്യയുടെ ഐ.ടി മേഖലയെ ലക്ഷ്യമിട്ട് ട്രംപ്. ആശങ്കയിൽ മലയാളികളും. ഐ.ടി മേഖലയ്ക്ക് കൂടുതൽ താരിഫ് ചുമത്തി പുതിയ യുദ്ധമുഖം തുറക്കാൻ ട്രംപ് തയാറെടുക്കുമ്പോൾ പലർക്കും തൊഴിൽ നഷ്ടമാകും

കോട്ടയം: യു.എസിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ കയറ്റുമതി നടക്കുന്ന മേഖലകളിലൊന്നാണ് ഐ.ടി. ഇന്ത്യയുടെ മനുഷ്യവിഭവ ശേഷി ഈ മേഖലയിൽ മികവുറ്റതാണ്. എന്നാൽ, അമരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ നീക്കം എൻജിനീയർമാർ, കോഡർമാർ, യു.എസിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾ തുടങ്ങിയവരെയെല്ലാം ബാധിച്ചേക്കും.
തീരുവ വര്‍ധനയ്ക്ക് പിന്നാലെ വീണ്ടും ഇന്ത്യയുടെ ഐടി മേഖലയാണ് ട്രംപ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കാനാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇന്ത്യയിലെയും കേരളത്തിലെയും വലിയ വിഭാഗം ഐ.ടി കമ്പനികളും അമേരിക്കന്‍ ഔട്ട്‌സോഴ്‌സിംഗിനെ ആശ്രയിക്കുന്നവയാണ്. അതിനാല്‍ തീരുമാനം നടപ്പിലാക്കിയാല്‍ ഇത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
ഇത്തരത്തിൽ താരിഫ് ഏർപ്പെടുത്തിയാൽ അത് ഗ്ലോബൽ ഔട്സോഴ്സിങ്ങിന്റെ അടിത്തറ പിടിച്ചു കുലുക്കുന്ന തീരുമാനമായി മാറും. യു.എസ് കമ്പനികൾക്ക് ഐ.ടി, ബാക്ക് സോഴ്സിങ് സർവീസുകൾ നൽകുന്നതിന്റെ ചിലവ് ഉയരുമെന്നതാണ് പ്രധാന ആശങ്ക. ഇതോടെ ഇത്തരം കമ്പനികൾ കരാറുകൾ സംബന്ധിച്ച് പുനർവിചിന്തനം നടത്തും. ഇത് നിരക്ക് വർധിക്കാനും കാരണമാകും. സപ്ലൈ ചെയിനിനെ ഇത് ദോഷകരമായി ബാധിക്കാം. പ്രൊജക്ടുകളിൽ കാലതാമസം ഉണ്ടാകാനും കാരണമാകും. അമേരിക്കൻ വിപണിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യൻ ഐ.ടി കമ്പനികളുടെ ലാഭമാർജിനിൽ വൻ തിരിച്ചടിയാണുണ്ടാവുക. ഇതോടെ തൊഴിൽ നഷ്ടം മുതൽ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടിയിലേക്ക് കമ്പനികൾക്ക് കടക്കേണ്ടി വരും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് ഐ.ടി ആൻ്റ് സർവീസസ് സെക്ടർ. ഓരോ വർഷവും ദശലക്ഷക്കണക്കിന് എൻജിനീയറിങ്-കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളാണ് പുതിയതായി ജോലിക്ക് കയറുന്നത്. ഇത് വിദ്യാഭ്യാസ മേഖലെയെ പോലും ബാധിക്കും.
വിവര സാങ്കേതിക രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ കേരളത്തിന്‍റെ പ്രയാണം ഇന്നെത്തി നില്‍ക്കുന്നത് അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 1995ല്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ 50 ഏക്കര്‍ ഭൂമിയില്‍ മൂന്ന് കമ്പനികളുമായി തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാര്‍ക്കായ ടെക്നോ പാര്‍ക്കിലൂടെയാണ് കേരളം പിച്ചവെച്ച് തുടങ്ങിയത്. ടെക്നോ പാര്‍ക്കില്‍ നിന്നും കൊച്ചി ഇന്‍ഫോ പാര്‍ക്കിലേക്കും പിന്നെ കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്കും അനവധി ചെറുകിട പാര്‍ക്കുകളിലേക്കുമായി കേരളത്തിന്‍റെ മുക്കുമൂലകളിലേക്ക് ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിക്കുകയാണ്. കേരളത്തിന്‍റെ ഐ.ടി കയറ്റുമതിയില്‍ അഭൂതപൂര്‍വ്വമായ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 6310 കോടിയില്‍ നിന്നും 2023-24 സാമ്പത്തിക വര്‍ഷം 11,417 കോടിയിലേക്ക് കയറ്റുമതി വളര്‍ന്നു. എന്നാൽ, ട്രംപിൻ്റെ പുതിയ നീക്കം യാഥാർഥ്യമായാൽ കേരളത്തിൻ്റെ ഐടി മേഖലയും തകർച്ചയുടെ പാതയിലൂടെ കടന്നു പോകേണ്ടി വരും.
അതേ സമയം യു.എസ് പുതിയ തീരുമാനം നടപ്പാക്കിയാൽ ഇന്ത്യയിലെ വൻകിട ഐ.ടി കമ്പനികൾ തങ്ങളുടെ വിപണി വൈവിദ്ധ്യവൽക്കരിക്കാനാണ് ശ്രമിക്കുക എന്നും വിലയിരുത്തപ്പെടുന്നു. പക്ഷേ, പെട്ടന്നുള്ള ചുവടുമാറ്റം അത്ര എളുപ്പമാകില്ല.