താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് ട്രംപ്; നീക്കങ്ങളോട് പ്രതികരിക്കാതെ ഹമാസ്, ബെഞ്ചമിൻ നെതന്യാഹുവും ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
ഗാസയിൽ ഏതാണ്ടൊരു കൂട്ടക്കൊല തന്നെയാണ് നടക്കുന്നത്. ജൂൺ 13 ന് ഇറാനിൽ ഇസ്രായേൽ ബോംബാക്രമണം ആരംഭിച്ചതിനുശേഷം, 12 ദിവസത്തിനിടെ മാത്രം 860 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതിൽ 549 പേരും മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവയ്പിലാണ്. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തുന്ന നിരായുധരായ സാധാരണക്കാരെ കൂട്ടമായി വെടിവച്ചുവീഴ്ത്തുക,എന്നിട്ട് അന്വേഷിക്കാമെന്ന് പറയുക.
അതൊരു പതിവായിരിക്കുന്നു. തിങ്കളാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 74 പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ഏഴ് ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. കവചിത വാഹനത്തിൽ ഘടിപ്പിക്കുന്ന ബോംബ് പൊട്ടിയാണ് മരണം.
താൽക്കാലിക വെടിനിർത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെയ്ക്കുന്നുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച വാഷിംഗ്ടണിൽ നടക്കാനിരിക്കെയാണ് ഗാസയിലെ വെടിനിർത്തൽ നീക്കങ്ങൾ ത്വരിതപ്പെട്ടിരിക്കുന്നത്.