ഇറാന്റെ സമാധാന നിർദ്ദേശം ട്രംപ് തള്ളി, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

 
TRUMP

വാഷിംഗ്ടൺ/ടെഹ്‌റാൻ: മാസങ്ങളായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്താനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായും തള്ളി. "ഇതൊട്ടും സ്വീകാര്യമല്ല" എന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ട്രംപ് വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ വഴിമുട്ടിയിരിക്കുകയാണ്.

പാകിസ്ഥാൻ മധ്യസ്ഥർ മുഖേനയാണ് ഇറാൻ തങ്ങളുടെ പുതിയ നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇതിലെ വ്യവസ്ഥകളോട് ഒട്ടും യോജിക്കാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ എതിർക്കുന്നതാണ് പ്രധാന തടസ്സം. ആദ്യം യുദ്ധം നിർത്തുക, ഹോർമൂസ് കടലിടുക്ക് തുറക്കുക, ഉപരോധങ്ങൾ നീക്കുക എന്നിവയ്ക്ക് ശേഷം മാത്രമേ ആണവ ചർച്ചകൾക്ക് തയ്യാറാവൂ എന്നാണ് ഇറാന്റെ നിലപാട്.

ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിട്ടുണ്ട്. കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങൾക്ക് നേരെയും ഖത്തർ തീരത്തിന് സമീപത്തെ കപ്പലുകൾക്ക് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ഹോർമൂസ് കടലിടുക്കിൽ ചെറിയ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ നീക്കം തുടങ്ങി. സേനാ മേധാവി പരമോന്നത നേതാവിനെ കണ്ട് പദ്ധതികൾ വിശദീകരിച്ചു.

ഹോർമൂസ് തുറക്കാനുള്ള ബഹ്‌റൈൻ-ജി.സി.സി സംയുക്ത പ്രമേയത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ ഇറാൻ കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. കീഴടങ്ങലിനോ വിട്ടുവീഴ്ചയ്ക്കോ തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് ഇന്നും ആവർത്തിച്ചു. ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നത് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags

Share this story

From Around the Web