ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം; പുതിയ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവെ

യാത്രകൾ സുഖകരവും സുരക്ഷിതവുമാകാൻ മുൻ കൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ചും ട്രെയിനുകളിൽ. ദൂരയാത്രകൾക്കായി പെട്ടെന്ന് ടിക്കറ്റുകൾ കിട്ടണമെന്നില്ല.
അതുകൊണ്ടുതന്നെ മുൻകൂട്ടി അറിയാവുന്ന യാത്രകൾക്ക് ട്രെയിൻ ടിക്കറ്റുകൾ എടുക്കാവുന്നതാണ്. ഇനി ടിക്കറ്റെടുത്ത് ശേഷം യാത്രാ തീയതികൾ മാറിയാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യണം, പണം നഷ്ടമാകും എന്നൊക്കെയാണ് പരാതിയെങ്കിൽ ഇപ്പോൾ അതിനും ഉത്തരമായി.
ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷവും യാത്രാ തീയതി മാറ്റാൻ സാധിക്കും. അതിനുള്ള സംവിധാനം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. ഇതുവഴി യാത്രക്കാർക്ക് അവരുടെ പണം നഷ്ടമാകാതെ തന്നെ യാത്രകളിൽ മാറ്റം വരുത്താൻ സാധിക്കും. ജനുവരി മുതൽ യാത്രക്കാർക്ക് അവരുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓൺലൈനായി മാറ്റാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവിൽ, യാത്രക്കാർ അവരുടെ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് വേണം മറ്റൊരു തീയതിയിലേക്ക് മാറ്റിയെടുക്കാൻ. അതിൽ തന്നെ പല ഘടകങ്ങളും ആശ്രയിച്ച് തുകയിൽ കുറവും വരും. ഈ പ്രക്രിയ ചെലവേറിയതും പലപ്പോഴും അസൗകര്യപ്രദവുമാണ്. അത് പരിഗണിച്ചാണ് യാത്രക്കാർക്ക് സൗകര്യപ്രദമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു.