ട്രെയിന്‍ വളപട്ടണം പുഴയുടെ പാലത്തിന് മുകളില്‍ നിന്നു, രക്ഷകനായി ടിക്കറ്റ് എക്‌സാമിനര്‍

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്നു കണ്ണൂര്‍ വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ നിന്ന ട്രെയിനിനെ അപകടത്തില്‍പ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടല്‍. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം പി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കൈയടി നേടിയത്.
പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പര്‍ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ആയ എം പി രമേഷ് (39) പാലക്കാട് കല്‍പാത്തി അംബികാപുരം ഉത്തരം നിവാസിലെ മണിയുടെയും ബേബി സരോജയുടെയും മകനാണ്. ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45ന് തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ഓണം സ്‌പെഷല്‍ (06042) ട്രെയിനാണ് പുഴയ്ക്കു നടുവില്‍ പാലത്തിനു മുകളില്‍ നിന്നത്. യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ നിന്നത്. എസ് വണ്‍ കോച്ചില്‍ നിന്ന് കണ്ണൂരില്‍ ഇറങ്ങാന്‍ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിന്‍ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു.