ടി.പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി

 
KODI SUNI

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി .തവനൂർ ജയിലിലേക്കാണ് സുനിയെ മാറ്റിയത് .ഇന്നലെ വൈകിട്ടായിരുന്നു കണ്ണൂരിൽ നിന്നുള്ള കൊടി സുനിയുടെ ജയിൽ മാറ്റം.

ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടി സുനി മദ്യപിച്ചത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശ്ശേരി കോടതിയിലേക്ക് പോകും വഴിയായിരുന്നു സംഭവം.

മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ബാറിൽ നിന്ന് പൊലീസുകാര്‍ മദ്യം വാങ്ങിനൽകിയത്.ഈ സമയം പരോളിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഷാഫിക്ക് ഒപ്പമാണ് സുനി മദ്യപിച്ചത്.

ഇത് സംബന്ധിച്ച് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തിരുന്നു. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Tags

Share this story

From Around the Web