ഇന്ന് പ്രത്യാശയുടെ ജൂബിലിവർഷത്തിന് സമാപനം; ചടങ്ങുകൾക്ക് ലെയോ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും

 
POPE LEO

എപ്പിഫനി തിരുനാൾ ദിനമായ ഇന്ന് പ്രത്യാശയുടെ ജൂബിലിവർഷത്തിന് സമാപനമാകും. സമാപനചടങ്ങുകളുടെ ഭാഗമായി നടക്കുന്ന വിശുദ്ധ ബലിയർപ്പണത്തിനും ജൂബിലിവർഷത്തിന്റെ അവസാനം കുറിക്കുന്ന വിശുദ്ധവാതിൽ അടയ്ക്കുന്ന ചടങ്ങിലും ലെയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ പ്രാദേശിക സമയം രാവിലെ 9.30 നായിരിക്കും ചടങ്ങുകൾ നടക്കുക.

എപ്പിഫനി തിരുനാളിനോടനുബന്ധിച്ചുള്ള ദിവ്യബലിയർപ്പണത്തിന്റെ ആരംഭത്തിലായിരിക്കും വിശുദ്ധവാതിൽ അടയ്ക്കുന്ന ചടങ്ങ് നടക്കുക. ജൂബിലിയുടെ ഔദ്യോഗിക ഗാനം ലത്തീൻ ഭാഷയിൽ ആലപിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. തുടർന്നുള്ള പ്രാർഥനകൾക്കു ശേഷം പരിശുദ്ധ പിതാവ് വിശുദ്ധവാതിലിനരികിൽ മുട്ടുകുത്തുകയും നിശ്ശബ്ദപ്രാർഥനയ്ക്കു ശേഷം വാതിലടയ്ക്കുകയും ചെയ്യും. വിശുദ്ധവാതിൽ അടച്ചുകഴിഞ്ഞ് പ്രധാന അൾത്താരയിലെത്തി ബലിയർപ്പണം തുടരും.

വിശുദ്ധവാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ 1975 ലെ ജൂബിലിക്കായി തയ്യാറാക്കിയ ക്രമത്തിന്റെ 2000 ൽ ലഘൂകരിച്ച രൂപമനുസരിച്ചായിരിക്കും നടക്കുക. ഇതനുസരിച്ച്, പരസ്യമായി വിശുദ്ധവാതിൽ ഭിത്തി കെട്ടിയടയ്ക്കുന്ന ചടങ്ങുകൾ ഇത്തവണയും ഉണ്ടാകില്ല. വിശുദ്ധവാതിൽ അടച്ചുകഴിഞ്ഞ് പത്തോളം ദിവസങ്ങൾക്കു ശേഷമായിരിക്കും ഇത് നടക്കുക.

‘സാൻ പിയെത്രീനി’ എന്ന പേരിൽ വിളിക്കപ്പെടുന്ന, ബസലിക്കയിലെ പ്രവർത്തകരായിരിക്കും വാതിലിനു പിന്നിലെ ഭിത്തിയുടെ നിർമ്മാണം നടത്തുക. ഈ ഭിത്തിക്കുള്ളിൽ, ജൂബിലിവാതിൽ അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജൂബിലിവർഷത്തിൽ തയ്യാറാക്കിയ നാണയങ്ങൾ, വിശുദ്ധവാതിലിന്റെ താക്കോൽ എന്നിവയടങ്ങുന്ന ലോഹപേടകവും അടക്കം ചെയ്യും.

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള (60: 1-6) ഒന്നാം വായന ഇംഗ്ലീഷിലും, എഫേസോസുകർക്കുള്ള ലേഖനത്തിൽ നിന്നുള്ള (3, 2-3a. 5-6) രണ്ടാം വായന സ്പാനിഷ് ഭാഷയിലും, പൂജരാജാക്കന്മാരുടെ വരവിനെക്കുറിച്ച് മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള (2, 1-2) വായന ലത്തീൻ ഭാഷയിലും വായിക്കപ്പെടും. ഇതേത്തുടർന്ന് പെസഹയുമായി ബന്ധപ്പെട്ട തീയതികൾ അറിയിക്കപ്പെടും. അതിനു ശേഷമായിരിക്കും പരിശുദ്ധ പിതാവ് വചനസന്ദേശം നൽകുക.

Tags

Share this story

From Around the Web