പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: വിങ്ങുന്ന ഓർമ്മകളിൽ ബൈസരൻ വാലി; ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുമെന്ന് രാജ്യം

 
pahal

ശ്രീനഗർ: ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കാശ്മീരിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരൻ വാലിയിൽ ചോരപ്പുഴ ഒഴുക്കിയ ആ കറുത്ത തിങ്കളാഴ്ചയുടെ ഓർമ്മയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. ഒരു മലയാളി ഉൾപ്പെടെ 26 നിരപരാധികളുടെ ജീവനാണ് പാക് ഭീകരർ അന്ന് കവർന്നത്.

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ നൂറിലധികം സഞ്ചാരികൾക്ക് നേരെ അതിർത്തി കടന്നെത്തിയ ഭീകരർ വിവേചനരഹിതമായി വെടിയുതിർത്തത്. 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് അന്ന് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ കുടുംബാംഗങ്ങളുടെ കൺമുന്നിലാണ് വെടിയേറ്റു വീണത്. വിവാഹം കഴിഞ്ഞ് ആറാം നാൾ ഭർത്താവിനെ നഷ്ടപ്പെട്ട ഹരിയാന സ്വദേശി ഹിമാൻഷി നർവാളും, ജന്മദിനാഘോഷത്തിനിടെ പ്രിയതമൻ കൊല്ലപ്പെട്ട ശീതളും ഇന്നും ആ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്.

ഭീകരാക്രമണം നടന്ന് പതിനഞ്ചാം നാൾ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടി 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തിന്റെ സൈനിക വീര്യത്തിന്റെ അടയാളമായി മാറി. പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒമ്പതോളം ഭീകരത്താവളങ്ങൾ തകർത്തു. നൂറിലധികം ഭീകരരെ വധിച്ചുകൊണ്ട് അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ഇന്ത്യ കൃത്യമായ മറുപടി നൽകി. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാർക്കായി ഇന്നും തിരച്ചിൽ തുടരുകയാണ്.

ദുരന്തത്തിന്റെ വാർഷിക ദിനത്തിൽ പഹൽഗാം ശാന്തമാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലാണ്. ജമ്മു കശ്മീർ സർക്കാർ നടപ്പിലാക്കിയ ക്യൂ ആർ കോഡ് അധിഷ്ഠിത ഡിജിറ്റൽ സുരക്ഷാ സംവിധാനം വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ രാജ്യം ഇന്ന് പ്രണാമം അർപ്പിക്കുമ്പോഴും, ഭീകരത പൂർണ്ണമായും തുടച്ചുനീക്കുന്നത് വരെ 'ഓപ്പറേഷൻ സിന്ദൂർ' അവസാനിച്ചിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാരും സൈന്യവും.

Tags

Share this story

From Around the Web