നാടിനെ തീരാ ദുരിതത്തിലാക്കിയ കൂട്ടിക്കല്‍ പ്രളയദുരന്തത്തിന് ഇന്ന് നാല് വയസ്. ദുരന്തത്തിൽ നഷ്ടമായത് 21 ജീവനുകൾ. നാല് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളില്‍ പലരും ഇന്നും ദുരിത മുഖത്ത്

മുണ്ടക്കയം : നാടിനെ തീരാ ദുരിതത്തിലാക്കിയ കൂട്ടിക്കല്‍ പ്രളയദുരന്തത്തിന് ഇന്ന് നാല് വയസ്. 2021 ഒക്ടോബര്‍ 16 ന് ഉണ്ടായ ദുരിതത്തില്‍ ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമായി. മഹാപ്രളയം നല്‍കിയ തീരാവേദനയില്‍ നിന്ന് മലയോരം ഇപ്പോഴും മുക്തമായിട്ടില്ല. ദുരന്തത്തിനു ശേഷം ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തിലെ നിരവധി വാര്‍ഡുകളില്‍ നിന്നും ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നുണ്ട്.
ഏക്കറുകണക്കിനു കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. നാല് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളില്‍ പലരും ഇന്നും ദുരിത മുഖത്താണ്. വാസയോഗ്യമല്ലാതായ ഒട്ടേറെ വീടുകള്‍ ഇപ്പോഴും ദുരന്തമേഖലകളിലുണ്ട്. സര്‍വതും നഷ്ടപ്പെട്ട് നാടുവിട്ട പലരും ഇപ്പോഴും തിരികെയെത്തിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ ഒട്ടേറെപ്പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. എന്നാല്‍ സര്‍വതും നഷ്ടപ്പെട്ട് കടക്കെണിയിലായി പോയവര്‍ അനേകമുണ്ട്.
തോരാത്ത മഴയിൽ, ഒരു നാട് മൊത്തം പുഴയും തോടുമായി മാറി. ദൂരെ ഒരു ഇരമ്പലോടെ ഒരു മലയിടിഞ്ഞു വരുമ്പോൾ, വീടുകൾ, വാഹനങ്ങൾ ഒഴുകി നടക്കുമ്പോൾ ഈ ലോകം മുഴുവൻ അവസാനിക്കുകയാണോ എന്ന് അന്നു തോന്നിപ്പോയിരുന്നു. ഇപ്പോൾ എല്ലാം ശാന്തമാണ്. അതും എത്ര നാളെന്ന് ഉറപ്പില്ല. ഇനിയും ഒരു ദുരന്തം കാണാൻ അനുഭവിക്കാൻ ശേഷിയില്ലെന്നു ദുരന്ത മേഖലയിലെ ജനങ്ങൾ പറയുന്നു.
ഇന്നും ദുരന്തത്തിൻ്റെ അവശേഷിപ്പുകളുമായാണ് ജനങ്ങൾ ജീവിക്കുന്നത്. പ്രളയത്തില്‍ മേഖലയില്‍ തകര്‍ന്നത് 44 പാലങ്ങളാണ്. ഇവയില്‍ പ്രധാനപ്പെട്ടതു മാത്രമാണ് നിര്‍മ്മിക്കുവാനോ പുനര്‍നിര്‍മ്മാണം ആരംഭിക്കുവാനോ കഴിഞ്ഞത് പ്രളയജലത്തില്‍ ഒഴുകിപോയ തൂക്കുപാലങ്ങളില്‍ ഒന്നു പോലും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ഏഴുപേരുടെ മരണത്തിനിടയാക്കിയ കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലെ ദുരന്ത ഭൂമി ഇപ്പോള്‍ കാടുപിടിച്ചു കിടക്കുകയാണ്. ഈ പ്രദേശം താമസ യോഗ്യമല്ലെന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും കലക്ടറുടെ നിര്‍ദ്ദേഷമുണ്ടായെങ്കിലും പകരം സംവിധാനമൊരുക്കി നല്‍കിയിട്ടില്ല. പലരും വാടകവീടുകളിലും, ബന്ധുവീടുകളിലുമാണ് ഇപ്പോഴും കഴിയുന്നത്. പോകാനിടമില്ലാതെ ഇവിടെ തന്നെ തുടരുന്നവരുമുണ്ട്.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 400 വീടുകൾ വാസയോഗ്യമല്ലാതായിരുന്നു. കൂട്ടിക്കലിൽ 20 കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ മുടക്കി വീടുകള്‍ നിർമിച്ചുനൽകി. ഭാഗിക നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് 4 ലക്ഷവും നൽകി. സിപിഎം 25 വീട് നിർമിച്ചുനൽകി. പാലാ രൂപത 25ഉം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സർവീസ് ആർമി 15ഉം വിവിധ സംഘടനകൾ 25ഉം വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ട്.