പാവങ്ങളുടെ അമ്മ വിശുദ്ധ മദർ തെരേസയുടെ 115 -ാം ജന്മദിനം ഇന്ന്

“ജന്മം കൊണ്ട് ഞാൻ അൽബേനിയക്കാരിയാണ്. പൗരത്വത്താൽ ഞാൻ ഇന്ത്യക്കാരിയാണ്. വിശ്വാസത്തിന്റെ കാര്യം പറയുമ്പോൾ ഞാൻ ഒരു കത്തോലിക്കാ സന്യാസിനിയാണ്. എന്റെ തൊഴിൽ പ്രകാരം, ഞാൻ ലോകത്തിന്റേതാണ്. എന്റെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം, ഞാൻ പൂർണ്ണമായും യേശുവിന്റെ ഹൃദയത്തിന്റേതാണ്” എന്ന് പറഞ്ഞ മദർ തെരേസയുടെ 115 -ാം ജന്മദിനം ആണ് ഇന്ന്. കൽക്കട്ടയിലെ മദർ തെരേസ എന്നറിയപ്പെട്ടിരുന്ന ആഗ്നസ് ഗോൻജെ ബോയാജ്യൂ ഇന്നത്തെ വടക്കൻ മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്‌ജെ പട്ടണത്തിൽ 1910 ഓഗസ്റ്റ് 26-ന് ആണ് ജനിച്ചത്.
പതിനെട്ടാം വയസിൽ മിഷനറിയാകുവാനുള്ള അതിയായ താല്പര്യത്തോടെ അയർലണ്ടിലെ ലൊറേറ്റോ സിസ്റ്റേഴ്‌സിന്റെ സമൂഹത്തിൽ ചേർന്ന് വ്രതവാഗ്ദാനം നടത്തി തെരേസ എന്ന പേര് സ്വീകരിച്ചു. 1929-ൽ ഇന്ത്യയിൽ വരികയും തുടർന്ന് കൽക്കത്തയിലെ ലോറേറ്റോ കോൺവെന്റ് സ്‌കൂളിൽ അധ്യാപികയും പിന്നീട് ഹെഡ്മിസ്‌ട്രസും ആയി സേവനം ചെയ്തു. 1946 സെപ്റ്റംബർ പത്തിന് കഷ്ടതയനുഭവിക്കുന്ന ജനത്തിന്റെ കണ്ണീരൊപ്പാനായി തന്റെ ജീവിതം പൂർണ്ണമായും സമർപ്പിക്കാൻ തീരുമാനമെടുത്തു.
അധികാരികളുടെ അനുവാദത്തോടെ തന്റെ മഠം ഉപേക്ഷിച്ച് കൽക്കട്ടയുടെ തെരുവുകളിലിറങ്ങി. തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനീ സമൂഹത്തിനും, ബ്രദേഴ്‌സ് ഓഫ് ചാരിറ്റി എന്ന സന്യാസ സഭയ്ക്കും മദർ തെരേസ രൂപം നൽകി. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം ഇപ്പോൾ 133 രാജ്യങ്ങളിലായി 4,500-ഓളം സന്യാസിനിമാരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് അഗതികളെയും അശരണരെയും സേവിക്കുന്നു.