ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വർഷം, ഓരോ മലയാളിയുടെ മനസ്സിലെയും നോവോർമ്മയാണ് അർജുൻ
 

 
SHIROOR

കാസർകോട്: ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകൾ. രണ്ടു മാസത്തിലധികം നീണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യം.

ഒടുവിൽ കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അർജുന്റെ ജന്മനാട്ടിലേക്കുള്ള മടക്കം. ഓരോ മലയാളിയുടെ മനസ്സിലെയും ഒരു നോവോർമ്മ കൂടിയാണ് അർജുനും ഷിരൂർ അപകടവും.

2024 ജൂലൈ 16, അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും മഴ രൗദ്രഭാവം പൂണ്ട ദിവസം. ദേശീയപാത 66 ൽ ഒരു മല ഒന്നാകെ പുഴയിലേക്ക് പതിക്കുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം 11 മനുഷ്യ ജീവനുകൾ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയി.

മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ജൂലൈ 28ന് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ കർണാടക സർക്കാർ തീരുമാനിക്കുന്നു രണ്ടുതവണ നിർത്തിവച്ച തിരച്ചിൽ സെപ്തംബർ 20ന് പുനരാരംഭിക്കുന്നു.

ഒടുവിൽ, കരയിൽ നിന്ന് 65 മീറ്റർ അകലെ ഗംഗാവലിപ്പുഴയുടെ 12 മീറ്റർ ആഴത്തിൽ അർജുന്റെ ട്രക്കും മൃതദേഹവും കണ്ടെത്തുന്നു. അപ്പോഴേക്കും അപകടം നടന്നതിന്റെ 72 ദിനം പിന്നിട്ടിരുന്നു.

ഗംഗാവാലിപ്പുഴ ഇപ്പോൾ ശാന്തമായി ഒഴുകുന്നു. അപകടത്തിൽ പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പുഴയുടെ ആഴങ്ങളിലെവിടെയോ ഇപ്പോഴുമുണ്ട്.

Tags

Share this story

From Around the Web