നിയമനം ഏജന്‍സിക്ക്; സര്‍ക്കാരിനെതിരേ സമരവുമായി ഇടത് അനുകൂല നഴ്‌സിങ് സംഘടന, തസ്തിക സൃഷ്ടിച്ച് നിയമനം പിഎസ്സിക്ക് വിടണം

സര്‍ക്കാരിനെതിരെ ഇടത് അനുകൂല നഴ്‌സിങ് സംഘടനയായ കെജിഎൻഎ സമരത്തിലേക്ക്. നഴ്‌സിങ് നിയമനം ഔട്ട് സോഴ്സിങ് ഏജന്‍സിയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കെജിഎന്‍എയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. വിഷയത്തില്‍ ഈ മാസം 11ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
പി.എം എസ് എസ് വൈ ബ്ലോക്കുകള്‍ വന്ന കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ നിയമനം ഔട്ട്സോഴ്സിങ് ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞ മെയ് 21നാണ് സർക്കാർ ഉത്തരവ് ഇറക്കിയത് .ഇതിന് പിന്നാലെ ഇടത് അനുകൂല നഴ്‌സിങ് സംഘടനയായ കെജിഎന്‍എ ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
എന്നാൽ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സംഘടനാ സമര പ്രഖ്യാപനം നടത്തിയത് . പി എം എസ് എസ് വൈ ബ്ലോക്കുകള്‍ വന്ന ശേഷം പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല എന്നും ഏജന്‍സിയെ ഉപയോഗിച്ച് താല്‍ക്കാലിക നിയമനം നടത്തുന്നത് ശരിയല്ലെന്നുമാണ് കെജിഎന്‍എ പറയുന്നത്. തസ്തിക സൃഷ്ടിച്ച് നിയമനം പിഎസ്സിക്ക് വിടണമെന്നും സംഘടനാവശ്യപ്പെട്ടു.