തൃശൂർ പൂരം അലങ്കോലപ്പെടൽ: എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വേണം, ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ റിപ്പോർട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു.
പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമർശനം.
പ്രശ്നങ്ങളുണ്ടായപ്പോള്‍ റവന്യൂ മന്ത്രി വിളിച്ച് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപിയുടെ ഔദ്യോഗിക കൃത്യനിർവ്വണത്തിൽ വീഴ്ച സംഭവിച്ചുവെന്നാണ് മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്‍റെ റിപ്പോർട്ട്. വിശദമായ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഡിജിപി നേരിട്ട് റിപ്പോർട്ട് തയ്യാറാക്കിയത്.