വെടിക്കെട്ട് പുര അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു

 
333333

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന് പിന്നാലെ ദുരന്തഭൂമിയിൽ നിന്ന് കണ്ണീർക്കാഴ്ചകൾ തുടരുന്നു. അപകടത്തിൽ കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി (74) മരിച്ചു. മകനെ കാണാതായതിലുള്ള കടുത്ത മാനസിക വിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, സ്ഫോടനം നടക്കുന്നതിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം മകനെ കാണാതായ വാർത്തയറിഞ്ഞതോടെ ഗൗരി മാനസികമായി തളർന്നു. മകനായുള്ള കാത്തിരിപ്പിനിടെയാണ് മരണം ഗൗരിയെ തേടിയെത്തിയത്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

അപകടസ്ഥലത്തുനിന്ന് ലഭിച്ച മൃതദേഹ ഭാഗങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് ആരംഭിക്കും. സ്ഫോടനത്തിൽ ഗിരീഷിനെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ കെഡാവർ നായ്ക്കളെ ഉപയോഗിച്ച് ഇന്ന് വീണ്ടും സ്ഥലത്ത് വിശദമായ പരിശോധന നടത്തും. 

സ്ഫോടനത്തിൽ പരിക്കേറ്റ 10 പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.
 

Tags

Share this story

From Around the Web