സുഡാനിൽ മൂന്ന് പള്ളികളിൽ ബോംബാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

സുഡാനിലെ നോർത്ത് ഡാർഫറിലെ എൽ ഫാഷറിലെ മൂന്ന് പള്ളികളിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ എസ് എഫ്) ഏകോപിത വ്യോമാക്രമണം നടത്തി.
ആർ എസ് എഫ് സുഡാനീസ് എപ്പിസ്കോപ്പൽ ചർച്ച്, ആഫ്രിക്കൻ ഇൻലാൻഡ് ചർച്ച്, റോമൻ കത്തോലിക്കാ പള്ളി എന്നീ പള്ളികളിലായിരുന്നു ആക്രമണം നടത്തിയത്. ഫാദർ ലൂക്കാ ജുമുവിന്റെ മരണം ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടു. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു.
“ഈ പള്ളികളിലെ ബോംബാക്രമണം കെട്ടിടങ്ങൾക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും ഉള്ള അവകാശത്തിന് നേരെയുള്ള ക്രൂരമായ ആക്രമണമാണ്.
എൽഫാഷറിൽ മൂന്ന് പള്ളികളിൽ ബോംബാക്രമണം നടത്തി. നിയന്ത്രണം സ്ഥാപിക്കുന്നതിനും പള്ളി കെട്ടിടങ്ങൾ സൈനിക താവളങ്ങളായി ഉപയോഗിക്കുന്നതിനും അറബ് ഇതര ക്രൈസ്തവർക്കെതിരെ വംശീയ പ്രേരിതമായ അക്രമം നടത്തുന്നതിനുമുള്ള ഒരു പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ആർ എസ് എഫ് പള്ളികളെ ലക്ഷ്യമിടുന്നത്,” ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (സി എസ് ഡബ്ല്യു) സ്ഥാപകനും പ്രസിഡന്റുമായ മെർവിൻ തോമസ് പറഞ്ഞു.
നോർത്ത് ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷർ, സുഡാന്റെ ദീർഘകാല സംഘർഷത്തിലുടനീളം യുദ്ധക്കളമായിരുന്നു. ആർ എസ് എഫ് നിയന്ത്രണത്തിലുള്ള മറ്റ് പല പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, എൽ ഫാഷർ ഇപ്പോഴും കടുത്ത തർക്കത്തിലാണ്.
നഗരത്തിലെ പള്ളികൾ ചരിത്രപരമായി ആരാധനാലയങ്ങൾ എന്ന നിലയിൽ മാത്രമല്ല, അക്രമത്തിൽ നിന്ന് രക്ഷപ്പെടുന്ന ആളുകളുടെ സങ്കേതങ്ങളായും പ്രവർത്തിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട പല ക്രൈസ്തവരും ഈ പള്ളികളിൽ അഭയം തേടുന്നു.
ഈ പുതിയ ആക്രമണങ്ങൾക്ക് സാക്ഷികളായവർ അക്രമത്തെ ഭയത്തോടെയാണ് ഓർമ്മിക്കുന്നത്. “ഞങ്ങളെ പിടിച്ചുലയ്ക്കുന്ന സ്ഫോടനങ്ങളുടെയും തീവ്രമായ ഷെല്ലാക്രമണങ്ങളുടെയും ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്”- ഒരു താമസക്കാരൻ പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി സുഡാനിൽ വർധിച്ചുവരുന്ന മതപരമായ സംഘർഷങ്ങളുടെ ഭാഗമാണ് പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ. 2023-ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ശക്തമായ അർധസൈനിക വിഭാഗമായ ആർ എസ് എഫ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെയും മറ്റ് അമുസ്ലിങ്ങളെയും ലക്ഷ്യം വച്ചിട്ടുണ്ട്. ആക്രമണങ്ങൾക്കൊപ്പം, പള്ളികൾ കൊള്ളയടിക്കപ്പെട്ടു, നിരവധി കുടുംബങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായി.
ഡാർഫറിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഏറെ പ്രശസ്തനായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാദർ ജുമു.