ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ബജ്‌റംഗദളിന്റെ അക്രമണം; മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പോലീസ് തടഞ്ഞില്ല

ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ സംഘടിതമായ അക്രമണം. ഇന്നലെ (ജൂലൈ 13) ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ പഞ്ച്‌പേഡി ബഖാര, ഗോപാല്‍പുരി, ഹട്‌കേശ്വര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലെ പള്ളികള്‍ക്കുനേരെയായിരുന്നു അക്രമങ്ങള്‍ നടന്നത്.
50 ഓളം ആളുകള്‍ അടങ്ങിയ സംഘം ഒരു പള്ളിയില്‍ അക്രമം നടത്തിയതിനുശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി പോലെ അടുത്ത സ്ഥലത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി ഇക്കാര്യം പുറത്തുവന്നിട്ടും അക്രമം തടയാന്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
പഞ്ച്‌പേഡി ബഖാരയിലെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷം വിശ്വാസികള്‍ പിരിഞ്ഞുപോയതിനുശേഷമായിരുന്നു അക്രമി സംഘത്തിന്റെ വരവ്. അവരെ കണ്ട് പാസ്റ്റര്‍ പള്ളി പൂട്ടി അവിടെനിന്നും മാറി. അവര്‍ പള്ളി വളഞ്ഞ് ഭീഷണി മുഴക്കി നാശനഷ്ടങ്ങള്‍ വരുത്തിയതിനുശേഷം തിരിച്ചുപോകുകയായിരുന്നു.
ഗോപാല്‍പുരിയില്‍ പള്ളിയിലേക്ക് 40-50 ഓളം വരുന്ന അക്രമി സംഘം അതിക്രമിച്ചു കയറി, പാസ്റ്ററെ അക്രമിക്കുകയും പ്രസംഗപീഠവും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ പാസ്റ്റര്‍ ആശുപത്രിയിലാണ്. ഈ സ്ഥലത്ത് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നെങ്കിലും അക്രമം തടയാന്‍ അവര്‍ ശ്രമിച്ചില്ല.