യുദ്ധക്കളത്തിൽ ഓരോ മിനിറ്റിലും മൂന്ന് ജനനം; സുഡാനിലെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് ഇരുളടഞ്ഞ ഭാവി

 
22333343444

ഖാർത്തൂം: സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ ആർ.എസ്.എഫും തമ്മിലുള്ള ആഭ്യന്തര യുദ്ധം മൂന്ന് വർഷം പിന്നിടുമ്പോൾ രാജ്യത്തെ പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവി തുലാസിലാണെന്ന് 'സേവ് ദ ചിൽഡ്രൻ' മുന്നറിയിപ്പ് നൽകുന്നു. സുഡാനിൽ ഓരോ മിനിറ്റിലും മൂന്ന് കുഞ്ഞുങ്ങൾ വീതം ജനിക്കുന്നുണ്ടെന്നും ഇവർ ബോംബാക്രമണങ്ങൾക്കും പട്ടിണിക്കും നടുവിലേക്കാണ് ജനിച്ചുവീഴുന്നതെന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടന വെളിപ്പെടുത്തി.

2023 ഏപ്രിലിൽ യുദ്ധം ആരംഭിച്ചത് മുതൽ സുഡാനിൽ ഏകദേശം 56 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചതായാണ് കണക്കുകൾ. പ്രതിദിനം ശരാശരി 5,000 കുഞ്ഞുങ്ങൾ ജനിക്കുന്നു. തിങ്ങിനിറഞ്ഞ അഭയകേന്ദ്രങ്ങളിലോ, തകർന്ന ആരോഗ്യകേന്ദ്രങ്ങളിലോ, പലായനത്തിനിടയിലോ ആണ് ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നത്.

ജനസംഖ്യയിൽ ഭൂരിഭാഗവും ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വിശപ്പടക്കുന്ന സാഹചര്യത്തിലാണ് ഈ ഉയർന്ന ജനനനിരക്ക് എന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. യുദ്ധം സുഡാന്റെ ആരോഗ്യ സംവിധാനങ്ങളെ പൂർണമായും തകർത്തിരിക്കുകയാണ്. രാജ്യത്തെ 80 ശതമാനത്തിലധികം ആരോഗ്യ കേന്ദ്രങ്ങളും നിലവിൽ പ്രവർത്തനരഹിതമാണ്. പല ആശുപത്രികളും ബോംബാക്രമണത്തിൽ തകരുകയോ സൈനികർ പിടിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. പ്രസവസമയത്ത് വൈദ്യസഹായമോ മരുന്നുകളോ ലഭിക്കാതെ അമ്മമാരും കുഞ്ഞുങ്ങളും മരണത്തിന് കീഴടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.

യുദ്ധത്തിന്റെ നടുവിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് കൊടും പട്ടിണിയാണ്. അമ്മമാർക്ക് ആവശ്യത്തിന് ഭക്ഷണമില്ലാത്തതിനാൽ കുഞ്ഞുങ്ങളെ മുലയൂട്ടാൻ പോലും കഴിയുന്നില്ല. സുഡാനിലെ ഏകദേശം എട്ട് ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാർച്ചിൽ കിഴക്കൻ ഡാർഫറിലെ അൽ-ദയിൻ ടീച്ചിംഗ് ഹോസ്പിറ്റലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അമ്മമാർക്കും നവജാതശിശുക്കൾക്കും ലഭിക്കേണ്ട ചികിത്സാ സൗകര്യങ്ങളെ ശാശ്വതമായി ബാധിക്കുമെന്ന് 'സേവ് ദ ചിൽഡ്രൻ' കൺട്രി ഡയറക്ടർ മുഹമ്മദ് അബ്ദിലാദിഫ് പറഞ്ഞു. 

യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ വിദ്യാഭ്യാസവും ആരോഗ്യവും സുരക്ഷിതത്വവുമില്ലാതെ ഒരു തലമുറ മുഴുവൻ നശിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കുകയും അന്താരാഷ്ട്ര സഹായം ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ സുഡാനിലെ ശിശുമരണ നിരക്ക് നിയന്ത്രണാതീതമാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

Tags

Share this story

From Around the Web