കേന്ദ്ര സര്‍ക്കാരിൻ്റെ ഫണ്ടാണെങ്കിലും എല്ലാര്‍ക്കും അവകാശപ്പെട്ടത്, പി എം ശ്രീ പദ്ധതിയില്‍ ചേരാൻ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതി കേന്ദ്രത്തിൻ്റെ ഫണ്ട് ആണെങ്കിലും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ന്യായം പറഞ്ഞു കുറയ്ക്കാം എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് 1466 കോടി രൂപയാണ് ലഭിക്കാനുള്ളത്. മറ്റ് വകുപ്പുകൾ തുക വാങ്ങുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് മാത്രം വാങ്ങാതിരിക്കേണ്ടതില്ല. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ട് സാങ്കേതികത്വം പറഞ്ഞ് മാറ്റേണ്ടതില്ല. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യം അനുസരിച്ച് മുന്നോട്ടു പോകുന്നതായിരിക്കും. നമ്മുടെ കുട്ടികൾക്ക് ലഭിക്കേണ്ട തുകയല്ലേ. അത് കളയേണ്ട കാര്യമില്ലല്ലോയെന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ജോസ് ഫ്രാങ്ക്ളിൻ്റെ കേസിലും അദ്ദേഹം പ്രതികരിച്ചു. പൊലീസ് കർശന നടപടി സ്വീകരിക്കും. ഉടനെ അറസ്റ്റ് ചെയ്യുക എന്നത് എല്ലാ കേസിലും നടക്കില്ല. നിയമപരമായി കാര്യങ്ങൾ മുന്നോട്ടു പോകട്ടെ എന്നതാണ് തങ്ങളുടെ നിലപാട്. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പ്രതികരണം നടത്തി.
ശബരിമല സ്വർണ മോഷണം ചെയ്ത സംഭവത്തില്‍ ഏത് ഉന്നതനായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി ശിവൻകുട്ടി. ഇത്തരം കാര്യങ്ങളിൽ കൊടിയും നിറവും നോക്കില്ല. അന്വേഷണ സംഘത്തിന് സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.