യഹൂദ വിരുദ്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എട്ടു വർഷം വരെ തടവ്; പുതിയ നിയമത്തിൽ ഒപ്പുവെച്ച് വൊളോഡിമിർ സെലൻസ്‌കി
യഹൂദ വിരുദ്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എട്ടു വർഷം വരെ തടവ് ശിക്ഷ നൽകുന്ന പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിലാണ് യഹൂദ വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായ സെലൻസ്‌കിചരിത്രപരമായ ഈ തീരുമാനമെടുത്തത്. അതേസമയം യഹൂദർക്കെതിരായ വിവേചനവും വിദ്വേഷ പ്രചാരണവും തടയുന്നതിനായി ഉക്രൈൻ പാർലമെന്റ് നിയമത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
വിദ്വേഷം വളർത്തുന്നവർക്കും യഹൂദരുടെ അവകാശങ്ങൾ തടയുന്നവർക്കും തുടക്കത്തിൽ മൂന്ന് വർഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. എന്നാൽ ആക്രമണങ്ങളോ ഭീഷണികളോ ഉൾപ്പെടുന്ന ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് അഞ്ച് വർഷം വരെയാകാം. സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തുന്നവർക്കും എട്ടു വർഷം വരെ ജയിൽ ശിക്ഷ നൽകാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.
നാസികളുടെ കാലത്ത് പതിനായിരക്കണക്കിന് യഹൂദർ കൊല്ലപ്പെട്ട വലിയൊരു ചരിത്രം ഉക്രൈനുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. നിലവിൽ ഏകദേശം 45,000 യഹൂദർ താമസിക്കുന്ന ഉക്രൈനിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ നീക്കത്തിലൂടെ സർക്കാർ നൽകുന്നത്. അതേസമയം പുതിയ മാറ്റത്തെ ഉക്രൈനിലെ യഹൂദ സംഘടനകളും മതനേതാക്കളും സ്വാഗതം ചെയ്തു.