‘ദൈവത്തിന്റെ ഹൃദയത്തിൽ എത്തുന്ന നിലവിളിയാണിത്’ – യുദ്ധത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അമ്മയോട് ലെയോ പതിനാലാമൻ പാപ്പ

യുദ്ധത്തെക്കുറിച്ച് ആശങ്കാകുലയായ മൂന്ന് കുട്ടികളുടെ അമ്മയായ ഒരു ഇറ്റാലിയൻ യുവതിയോട് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞത് ഇപ്രകാരമാണ്: “ദൈവത്തിന്റെ ഹൃദയത്തിൽ എത്തുന്ന ഒരു നിലവിളിയാണ് നിങ്ങളുടേത്,” വത്തിക്കാൻ ബസിലിക്കയുടെ പ്രസിദ്ധീകരണമായ ‘സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ’ മാസികയുടെ വായനക്കാർക്കുള്ള പാപ്പയുടെ ആദ്യ പ്രതികരണമാണിത്.
മാസികയിലെ ഈ മാസത്തെ പതിപ്പ് സമർപ്പിച്ചിരിക്കുന്നത് യുവജനങ്ങളുടെ ജൂബിലിക്കായിട്ടാണ്. ‘വായനക്കാരുമായുള്ള സംഭാഷണം’ വിഭാഗത്തിൽ ലെയോ മാർപാപ്പ “ഭൂമിക്ക് ഒരു നവീകരണമാകുക” എന്ന തലക്കെട്ടോടെയാണ് സന്ദേശം നൽകിയിരിക്കുന്നത്.
ഇറ്റലിയിലെ ബെനെവെന്റോയിൽ നിന്നുള്ള മൂന്ന് കുട്ടികളുടെ അമ്മയായ സൈറയുടെ ചോദ്യം ഇപ്രകാരമായിരുന്നു. “യുദ്ധത്താൽ എല്ലാം നശിപ്പിക്കപ്പെട്ടാൽ നമ്മുടെ അവസ്ഥ എന്താകും?”
“ദൈവത്തിന്റെ ഹൃദയത്തിൽ എത്തുന്ന ഒരു നിലവിളിയാണ് നിങ്ങളുടേത്. സമാധാനം വെറുമൊരു ആഗ്രഹമല്ല, മറിച്ച് ഒരു ദൈനംദിന പ്രതിബദ്ധതയാണ്. കാരണം അത് ഹൃദയത്തിലും ഹൃദയത്തിൽ നിന്നുമാണ് ആരംഭിച്ചിരിക്കുന്നത്. യുദ്ധം വിജയിക്കില്ല, കുട്ടികൾക്ക് യഥാർത്ഥവും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനുള്ള അവകാശമുണ്ട്,” യുവതിയായ അമ്മയോടുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.