'കട്ടന്‍ ചായയും പരിപ്പുവടയും' അല്ല, 'ഇതാണ് എന്റെ ജീവിതം': ഇ പി ജയരാജന്റെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

 
ep

കണ്ണൂര്‍: മാസങ്ങള്‍ നീണ്ട ഇപിയുടെ ആത്മകഥാ വിവാദത്തിന് പരിസമാപ്തിയായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങി. നവംബര്‍ മൂന്നിന് കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും.

ഇതാണ് എന്റെ ജീവിതം' എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്‌സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്ത് വന്ന 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പേരിലുള്ള ആത്മകഥ ഇപി ജയരാജന്‍ നിഷേധിച്ചിരുന്നു.ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയത് തന്റെ അനുമതിയോടെയല്ലെന്നാണ് ഇ പി ജയരാജന്‍ പ്രതികരിച്ചത്.

പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഡിസി ബുക്‌സ് പുറത്ത് വിട്ടത് ഏറെ വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വഴിവെച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനവിവാദം. ഇ പി ജയരാജന്റെ വിദ്യാര്‍ഥി ജീവിതം മുതലുള്ള രാഷ്ട്രീയജീവിത ചരിത്രമാണ് ആത്മകഥയില്‍ പ്രതിപാദിക്കുന്നത്.

ഇതില്‍ പാര്‍ട്ടിയിലെ ചില സംഭവവികാസങ്ങളും നേതാക്കളുമായുള്ള അടുപ്പവും അകല്‍ച്ചയും മന്ത്രിയായിരുന്ന കാലയളവുമൊക്കെയുണ്ടെന്നാണ് സൂചന. ഇ പി യുടെ ആത്മകഥ രാഷ്ട്രീയവിവാദം സൃഷ്ടിക്കുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Tags

Share this story

From Around the Web