‘ഇത് വളരെ വിലമതിക്കപ്പെടുന്ന ഒരു ബഹുമതി’; സെന്റ് അഗസ്റ്റിൻ മെഡൽ സ്വീകരിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ

‘ഇത് വളരെ വിലമതിക്കപ്പെടുന്ന ഒരു ബഹുമതിയാണ്’. അമേരിക്കൻ ഐക്യനാടുകളിലെ അഗസ്റ്റീനിയൻ പ്രവിശ്യയായ സെന്റ് തോമസ് ഓഫ് വില്ലനോവ നൽകിയ സെന്റ് അഗസ്റ്റീൻ മെഡൽ സ്വീകരിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. സഭയുടെ വേദപാരംഗതനായ വി. അഗസ്റ്റിന്റെ ആത്മീയത തന്റെ ജീവിതത്തെയും ശുശ്രൂഷയെയും അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പാപ്പ വെളിപ്പെടുത്തി.
“ഒരു അഗസ്റ്റീനിയൻ ആയി അംഗീകരിക്കപ്പെടുന്നത് വളരെ വിലപ്പെട്ട ഒരു ബഹുമതിയാണ്. ഞാൻ ആരാണെന്നതിൽ എനിക്ക് വളരെയധികം കടപ്പാടുണ്ട്,” ഓഗസ്റ്റ് 28 ന് സെന്റ് അഗസ്റ്റീന്റെ തിരുനാൾ ദിനത്തിൽ പങ്കിട്ട ഒരു വീഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞു.
സെന്റ് അഗസ്റ്റീന്റെ മെഡൽ, പ്രവിശ്യയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്. സത്യത്തോടും ഐക്യത്തോടും ദാനധർമ്മത്തോടും ആഴമായ പ്രതിബദ്ധതയോടെ ജീവിക്കുന്ന, വിശുദ്ധ അഗസ്റ്റീന്റെ ആത്മാവും പഠിപ്പിക്കലുകളും ഉൾക്കൊള്ളുന്നവർക്ക് നൽകുന്നതാണ്.
രൂപീകരണത്തിന്റെ ആദ്യ വർഷങ്ങൾ മുതൽ പെറുവിൽ പതിറ്റാണ്ടുകളുടെ സേവനവും, മുൻ ജനറലായി നേതൃത്വം വഹിച്ചതും, ഇപ്പോൾ ആദ്യത്തെ അഗസ്തീനിയൻ പോപ്പെന്ന നിലയിലും, ലെയോ പതിനാലാമൻ മാർപാപ്പ ഉദാരതയുടെയും വിശ്വാസത്തിന്റെയും സേവനത്തിന്റെയും ജീവിതത്തിന് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിൽ, അഗസ്തീന്റെ ഒരു യഥാർത്ഥ പുത്രനെ നാം കാണുന്നു.
സഭയിൽ ഐക്യം കെട്ടിപ്പടുക്കുന്നതിനും, ജ്ഞാനത്തോടെ പഠിപ്പിക്കുന്നതിനും, സ്നേഹത്തിൽ വേരൂന്നിയ ഹൃദയത്തോടെ ഇടയവേല ചെയ്യുന്നതിനും വേണ്ടി സമർപ്പിതനായ പാപ്പയ്ക്ക് ഈ അവാർഡ് നൽകാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്.” അഗസ്റ്റീനിയൻ പ്രവിശ്യ ഫേസ്ബുക്കിൽ പോസ്റ്റിലൂടെ വെളിപ്പെടുത്തി.