തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ

 
thiruvanchoor

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലെത്തിയത്. ഭരണപക്ഷത്തിന് സഭയിലുള്ള വലിയ അംഗബലമാണ് തിരുവഞ്ചൂരിന്റെ വിജയം സുഗമമാക്കിയത്.

തിരുവഞ്ചൂർ 101 വോട്ടും എ.സി. മൊയ്തീൻ 35 വോട്ടും ബി.ബി ഗോപകുമാർ മൂന്ന് വോട്ടുമാണ് നേടിയത്. കേരളനിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിക്കുന്നത്. 139 അംഗങ്ങളാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പ്രോടെം സ്പീക്കർ എന്ന നിലയിൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.

ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിന് വേദിയായ സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീനെയും, ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിനെയുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിച്ച ആദ്യത്തെ നിയമസഭാ സമ്മേളനം കൂടിയായിരുന്നു ഇത്.

ഇന്ന് രാവിലെ 9 മണിക്ക് സഭയ്ക്കുള്ളിൽ ഇരിപ്പിട ക്രമം അനുസരിച്ചായിരുന്നു വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സഭയിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൂർത്തിയായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ പുതിയ സ്പീക്കറെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് ആചാരപൂർവ്വം സ്പീക്കറുടെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

തുടർന്ന് പുതിയ സ്പീക്കർക്ക് സഭാംഗങ്ങൾ അഭിനന്ദനങ്ങൾ നേർന്നു. സഭാ നടപടികൾ നിഷ്പക്ഷമായും പ്രൗഢിയോടെയും മുന്നോട്ട് കൊണ്ടുപോകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് സാധിക്കുമെന്ന് നേതാക്കൾ ആശംസിച്ചു.

Tags

Share this story

From Around the Web