ജൂലൈ മാസത്തിൽ വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പയുടെ പൊതുകൂടിക്കാഴ്ച ഉണ്ടായിരിക്കില്ല

ജൂലൈ മാസത്തിൽ വത്തിക്കാനിൽ ലെയോ പതിനാലാമൻ പാപ്പയുടെ പരമ്പരാഗത പൊതുകൂടിക്കാഴ്ച ഉണ്ടായിരിക്കില്ല. കാരണം, ഈ മാസം മുതൽ വേനലവധിക്കാലത്തിന് തുടക്കമാകും.
ജൂലൈ മാസത്തിൽ വിശ്വാസികളോടൊത്തുള്ള പ്രതിവാര യോഗങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് സ്ഥിരീകരിച്ചു. അതിനാൽ, ജൂലൈ 2, 9, 16, 23 തീയതികളിൽ പൊതുസമ്മേളനം ഉണ്ടായിരിക്കില്ല.
എങ്കിലും ജൂലൈ രണ്ടിന് തുർക്കി പ്രസിഡന്റ് എമിൻ എർദോഗന്റെ ഭാര്യ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഗ്രീക്ക് കത്തോലിക്കാ സഭയിൽ നിന്നുള്ള ഒരു കൂട്ടം ബിഷപ്പുമാർ എന്നിവരെയും പാപ്പ സ്വകാര്യ സദസിൽ സ്വീകരിച്ചു.
ജൂലൈ ആറിന് ഉച്ചകഴിഞ്ഞ് പാപ്പ, കാസിൽ ഗാൻഡോൾഫോയിലേക്ക് വേനലവധിക്കായി പോകും. റോമിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ആൽബൻ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഈ പേപ്പൽ വസതി, പല മാർപാപ്പാമാരുടെയും അവധിക്കാല വസതിയായിരുന്നു. എന്നാൽ, ഫ്രാൻസിസ് മാർപാപ്പ വേനലവധിക്ക് വത്തിക്കാനിൽ തന്നെ തുടരുകയായിരുന്നു പതിവ്.