വാഹനങ്ങളിൽ കുരിശും ബൈബിൾ വചനങ്ങളും പാടില്ല; നാഗാലാന്റിൽ മതചിഹ്നങ്ങൾക്ക് വിലക്ക്; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ

 
21222

കൊഹിമ: നാഗാലാന്റിൽ പൊതു-സ്വകാര്യ വാഹനങ്ങളിൽ കുരിശുകൾ, ബൈബിൾ വചനങ്ങൾ, വിശ്വാസപരമായ ലോഗോകൾ ഉൾപ്പെടെയുള്ള മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തി. ക്രൈസ്തവ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെല്ലാം ഈ പുതിയ നിയമം ബാധകമായിരിക്കും. മത ചിഹ്നങ്ങൾക്ക് പുറമെ എൻജിഒകളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും സ്റ്റിക്കറുകളും വാഹനങ്ങളിൽ പതിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വാഹനങ്ങളിലെ പ്രത്യേക പദവികളും മുൻഗണനകളും അവസാനിപ്പിക്കുന്നതിനും, അനധികൃതമായ അടയാളങ്ങൾ നിരോധിക്കുന്ന മോട്ടോർ വാഹന ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. നിലവിലെ നിർദേശപ്രകാരം ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകൾക്കും അധികാര സ്ഥാനങ്ങൾ വഹിക്കുന്നവർക്കും മാത്രമായിരിക്കും പൊതുനിരത്തുകളിൽ മുൻഗണന ലഭിക്കുക. വാഹനങ്ങളിലുള്ള ഇത്തരം അടയാളങ്ങൾ 45 ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

സർക്കാർ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. നിയമം അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് ജോയിന്റ് ക്രിസ്ത്യൻ ഫോറം സർക്കാരിന് നിവേദനം നൽകി. കുരിശടയാളം ഉൾപ്പെടെയുള്ള ക്രൈസ്തവ ചിഹ്നങ്ങൾ കാലങ്ങളായി നാഗാലാന്റിലെ ജനങ്ങളുടെ വിശ്വാസത്തെയും വ്യക്തിത്വത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ഉത്തരവ് തികച്ചും യുക്തിരഹിതമാണെന്നും സംഘടന വ്യക്തമാക്കി.

ചർച്ചിന്റെ പേരുകളോ വിശ്വാസ ചിഹ്നങ്ങളോ വിഐപി പദവിയായി കാണരുതെന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവിധ മതങ്ങളുടെ പേരുകളും ചിഹ്നങ്ങളും വാഹനങ്ങളിൽ സാധാരണയായി പ്രദർശിപ്പിക്കാറുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ നാഗാലാന്റിൽ തന്നെ ഇത്തരം ഒരു നിയമം നടപ്പിലാക്കുന്നത് അണിയറയിൽ മറ്റ് താല്പര്യങ്ങൾ ഉള്ളതുകൊണ്ടാണെന്ന ആരോപണവും ശക്തമാണ്. തികച്ചും ആശങ്കാജനകമായ ഈ സാഹചര്യത്തെ വരും ദിവസങ്ങളിൽ ശക്തമായി നേരിടാനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം.

Tags

Share this story

From Around the Web