'ഒരു വിട്ടുവീഴ്ചയും വേണ്ട' ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ന്യൂഡല്‍ഹി : ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്.
നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും, കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. വെളിപ്പെടുത്തലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും എഐസിസി വിലയിരുത്തുന്നു.
സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപി ഈ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കി രംഗത്തു വന്നിരുന്നു.
വോട്ടു ചോരി ക്യാംപെയ്‌നുമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ, കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി നേതൃത്വം വിലയിരുത്തുന്നു.
നിരപാധിത്വം തെളിയിക്കാത്ത പക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു പരിഗണനയും പാര്‍ട്ടിയില്‍ നിന്നും നല്‍കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കളെ എഐസിസി അറിയിച്ചു. പാര്‍ട്ടി തലത്തില്‍ രാഹുലിന് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നല്‍കേണ്ടതില്ല.
കര്‍ക്കശ നിലപാടുമായി മുന്നോട്ടു പോകണമെന്നുമാണ് അറിയിച്ചത് എന്നാണ് സൂചന. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതില്‍ എഐസിസി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.