‘പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ല, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കണം; സതീശൻ ‘മേനോൻ’ ആയത് യാദൃച്ഛികമല്ല’ -ആർ.ബിന്ദു
കൊച്ചി: വി.ഡി. സതീശൻ ജനങ്ങളെ പുച്ഛിച്ച് മുഖ്യമന്ത്രിയായിട്ട് യാതൊരു കാര്യവുമില്ലെന്നും, സാധാരണക്കാരുടെ പ്രശ്നങ്ങൾക്കാണ് ഒന്നാമത് പരിഗണന നൽകേണ്ടതെന്നും മുൻ മന്ത്രിയും സി.പി.എം നേതാവുമായ ആർ. ബിന്ദു. എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും ശക്തമായ രാഷ്ട്രീയ വിമർശനമാണ് അവർ യോഗത്തിൽ ഉന്നയിച്ചത്.
തുടക്കം മുതൽ വി.ഡി. സതീശൻ സ്വീകരിച്ചുപോന്ന രാഷ്ട്രീയ നിലപാടുകളെ ആർ. ബിന്ദു യോഗത്തിൽ ചോദ്യം ചെയ്തു "ഇതുവരെ വി.ഡി. സതീശനായിരുന്നു നമ്മുടെ മുഖ്യമന്ത്രി. എന്നാൽ സത്യപ്രതിജ്ഞാവേളയിൽ വടശ്ശേരി ദാമോദര മേനോൻ സതീശനായി മാറിയത് കേവലം യാദൃച്ഛികതയാണെന്ന് ഞാൻ കരുതുന്നില്ല." — ആർ. ബിന്ദു പറഞ്ഞു.
വിവിധ സാമുദായിക ചേരികളെ പ്രയോജനപ്പെടുത്തിയാണ് യു.ഡി.എഫ് അധികാരത്തിൽ എത്തിയതെന്ന് ആർ. ബിന്ദു കുറ്റപ്പെടുത്തി. എല്ലാ സാമുദായിക സംഘടനകളുമായും ചർച്ചകൾ നടത്തി, 'അവരുടെയൊക്കെ കാര്യം ഞങ്ങൾ ശരിയാക്കിത്തരാം' എന്ന വാഗ്ദാനം നൽകിക്കൊണ്ടാണല്ലോ പുതിയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആളുകൾ അധികാരത്തിലെത്തിയത്. ആ യാഥാർത്ഥ്യം അവർ മറന്നുപോകരുതെന്നും, അധികാരത്തിലെത്തിയ ശേഷം സാധാരണക്കാരെയും അവരുടെ ജീവൽപ്രശ്നങ്ങളെയും അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വലിയ തോതിലുള്ള ജനപങ്കാളിത്തത്തോടെയായിരുന്നു കുടിയൊഴിപ്പിക്കലിനെതിരെയുള്ള മഹിളാ അസോസിയേഷന്റെ പ്രതിഷേധ സമരം നടന്നത്.