തെളിവുകളോ രേഖകളോ ഇല്ല; വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കാൻ ആകില്ലെന്ന് പൊലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല. നിലവിൽ ലഭ്യമായ രേഖകൾ വച്ച് കേസെടുക്കാനാവില്ലെന്നും പൊലീസ് അറിയിച്ചു. വോട്ട് ചേർത്തതുമായി ബന്ധപ്പെട്ട ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ് നടപടി. ടി.എൻ. പ്രതാപനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നാണ് ടി.എൻ. പ്രതാപൻ്റെ മറുപടി.
രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലോടെയാണ് തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വീണ്ടും ചർച്ചയായത്. അയൽ ജില്ലകളിലടക്കമുള്ള ബിജെപി പ്രവർത്തകരുടെ വോട്ട് ആസൂത്രിതമായി തൃശൂർ മണ്ഡലത്തിലേക്ക് മാറ്റി എന്ന ആരോപണമാണ് വീണ്ടും ഉയർന്നത്. ഇലക്ഷൻ കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവും എൽഡിഎഫ് ഉയർത്തിയിരുന്നു.
വ്യാജ മേൽവിലാസത്തിൽ വോട്ടുകൾ ചേർത്തവർ , മണ്ഡലത്തിനും ജില്ലക്കും പുറത്ത് വോട്ടുള്ളവർ, ഒരേ മേൽവിലാസത്തിൽ വോട്ടു ചേർത്ത ആളുകൾ തുടങ്ങി ആരോപണങ്ങളെ സാധൂകരിക്കുന്ന നിരവധി തെളിവുകളും ഇതിനോടകം പുറത്തുവന്നിരുന്നു. എന്നാൽ വോട്ട് മോഷണ ആരോപണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നെന്നും പട്ടിക സംബന്ധിച്ച് വിശദാംശങ്ങൾ കൈമാറിയിരുന്നെന്നും കമ്മീഷൻ പറഞ്ഞിരുന്നു.