രാജ്യത്ത് ജനാധിപത്യമില്ല, യുഎസ് ജനതയ്‌ക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകും, അമേരിക്ക പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതോടെ പുതിയ രാഷ്ട്രീയപാർട്ടിയുമായി ഇലോൺ മസ്ക്. 'അമേരിക്ക പാർട്ടി' എന്ന പേരിൽ പുതിയ സംഘടന രൂപികരിച്ചെന്ന് മസ്ക് എക്സിലൂടെ പ്രഖ്യാപിച്ചു. യുഎസ് ജനതയ്‌ക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകുകയാണ് ലക്ഷ്യമെന്നാണ് മസ്ക് അവകാശവാദം. രാജ്യത്ത് ജനാധിപത്യമില്ലെന്നും മസ്ക് വിമർശിച്ചു.
ഒരുകാലത്ത് മസ്‌ക് തൻ്റെ പ്രധാന സഖ്യകക്ഷിയായി കണക്കാക്കിയിരുന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള പരസ്യമായ ഭിന്നത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകുന്നത്.
വീണ്ടും അധികാരത്തിലെത്തിയ ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മസ്‌ക് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. കൂടാതെ ട്രംപിൻ്റെ ഗവൺമെൻ്റ് എഫിഷ്യൻസി (ഡോഗ്) വകുപ്പിൻ്റെ തലവനായും മസ്ക് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ട്രംപിൻ്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ പാസായത്. ബിൽ പാസാക്കിയാൽ പ്പബ്ലിക്കന്‍സിനും ഡെമോക്രാറ്റുകള്‍ക്കും ബദലായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. കൂടാതെ നിയമനിർമാതാക്കളെ പുറത്താക്കാൻ പണം ചെലവഴിക്കുമെന്ന് മസ്ക് പറഞ്ഞുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
മസ്‌കിനും ട്രംപിനുമിടയിലുള്ള ഭിന്നത രൂക്ഷമായതോടെ 2026 ലെ ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നിലനിർത്താനുള്ള സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക റിപ്പബ്ലിക്കൻമാർ പ്രകടിപ്പിക്കുന്നുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.