സതീശന് അഭിനന്ദനമില്ല, ഒരു പോസ്റ്റ് പോലുമില്ല; പ്രഖ്യാപനത്തിന് പിന്നാലെ വീടുവിട്ടിറങ്ങി ചെന്നിത്തല

 
chennithala

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തുള്ള ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ മുഖ്യമന്ത്രി തീരുമാനത്തില്‍ സതീശനെ അഭിനന്ദിക്കാതെ അതൃപ്തി പ്രകടമാക്കിയുള്ള പ്രതികരണമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത്.

സാമൂഹ്യമാധ്യമങ്ങളില്‍ സതീശനെ അഭിനന്ദിച്ചുള്ള പോസ്റ്റുകള്‍ വന്നെങ്കിലും ഇതുവരെ ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പോസ്റ്റ് ഒന്നും ഉണ്ടായിട്ടില്ല. തന്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

പ്രഖ്യാപനം വന്ന് ചെന്നിത്തല വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായാണ് വിവരം. വീടിന്റെ മറ്റൊരു വശത്തുള്ള വാതിലിലൂടെ അദ്ദേഹം പുറത്തേക്കിറങ്ങുകയും കാറില്‍ കയറി പോകുകയുമായിരുന്നു. നിയുക്ത എംഎല്‍എയായ ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ളവര്‍ രമേശ് ചെന്നിത്തലയുടെ വസതിയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിനോട് ഉള്‍പ്പെടെ തന്റെ അതൃപ്തി രമേശ് ചെന്നിത്തല മറച്ചു വച്ചില്ലെന്നാണ് സൂചന.

അതേസമയം മുഖ്യമന്ത്രി തീരുമാനം വന്നപ്പോള്‍ വി ഡി സതീശന് എല്ലാ പിന്തുണയും നല്‍കും മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതെന്നും ആ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന ലാപ്പ് വരെ സജീവമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാലിന്റെ പേരുണ്ടായിരുന്നെങ്കിലും ജനവികാരം മാനിച്ച് വി ഡി സതീശനിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.

Tags

Share this story

From Around the Web