'പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട്, തീവ്രവാദത്തിന്റെ മറ്റൊരു മുഖം'

കൊച്ചി: കോതമംഗലത്തെ യുവതിയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മരണവും മരണത്തിലേക്ക് നയിച്ച സാഹചര്യവും അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുവതിയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു.
'പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്. വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണ്. ഇതിന് പിന്നില്‍ സംഘടിത സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു എന്ന സൂചന നല്‍കുന്നതാണ് കത്ത്', കത്തോലിക്ക കോണ്‍ഗ്രസ് പറയുന്നു.
ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വോട്ട് ബാങ്ക് പ്രീണനത്തിനായി വിഷയത്തെ തമസ്‌കരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ലെന്നും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസ് പറയുന്നത്.
കോതമംഗലത്ത് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്നെഴുതി വെച്ച് 23കാരി ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ പ്രതി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. നിലവില്‍ ഇവര്‍ ഒളിവിലാണ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.