തിരിച്ചുവരവിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി; ബഹിരാകാശത്ത് കാർഷിക പരീക്ഷണങ്ങളുടെ ഭാഗമായി ഉലുവയും ചെറുപയറും മുളപ്പിച്ച് ശുഭാൻഷു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തിരിച്ചുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കാർഷികരംഗത്തെ പരീക്ഷണങ്ങളുമായി ശുഭാൻഷു ശുക്ല. പരീക്ഷണത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് ഉലുവയും ചെറുപയറും മുളപ്പിച്ചുവെന്നാണ് ആക്‌സിയം സ്പെയ്സ് അറിയിക്കുന്നത്.
പെട്രി ഡിഷുകളിൽ വിത്തുകൾ സൂക്ഷിക്കുന്നതിൻ്റെയും, മുളയ്ക്കുന്ന വിത്തുകൾ ഒരു സ്റ്റോറേജ് ഫ്രീസറിൽ സീക്ഷിക്കുന്നതിൻ്റെയും ഫോട്ടോ എടുത്തിരുന്നതായി പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വിത്തുകൾ മുളയ്ക്കുന്നതിനും സസ്യത്തിൻ്റെ വളർച്ചയ്ക്കും ഭൂഗുരുത്വാകർഷണം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുന്നതിനാണ് ഈ പരീക്ഷണം നടത്തുന്നത്.
ശാസ്ത്രജ്ഞരായ രവികുമാർ ഹൊസമണി, സുധീർ സിദ്ധാപുരെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ ഭാഗമാണ് മുളകൾ മുളയ്ക്കുന്നതിനുള്ള പരീക്ഷണം എന്ന് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഹൊസാമണി ധാർവാഡിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസറും, സിദ്ധാപുരെഡ്ഡി ജോലി ചെയ്യുന്നത് ധാർവാഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമാണ്.
ഈ സസ്യങ്ങൾ ഭൂമിയിലെത്തിച്ചാൽ സസ്യങ്ങളുടെ ജനിതകശാസ്ത്രം, സൂക്ഷ്മ ജീവികളുടെ ആവാസവ്യവസ്ഥ, പോഷകഗുണങ്ങൾ എന്നിവ സംബന്ധിച്ചുള്ള മാറ്റങ്ങൾ ഗവേഷകർ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് ആക്സിയം സ്പെയ്സ് ഒരു പ്രസ്താനയിലൂടെ അറിയിച്ചു.