കേരളത്തിലെ യുവാക്കൾക്ക് ജപ്പാനിൽ കൂടുതൽ തൊഴിലവസരം ലഭിക്കും; ഇൻഡോ-ജപ്പാൻ സഹകരണം പുതിയ തലത്തിലേക്ക്
 

 
33

കൊച്ചി: ഇൻഡോ-ജപ്പാൻ സഹകരണം ഇനി പുതിയ തലത്തിലേക്ക്. കൊച്ചിയിൽ വച്ച് വ്യവസായം, കൃഷി, ഫിഷറീസ് ഉൾപ്പെടെ 10 പുതിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാർ ഒപ്പുവെച്ചു. ഇതോടെ കേരളത്തിലെ യുവാക്കൾക്ക് ജപ്പാനിൽ കൂടുതൽ തൊഴിലവസരം ലഭിക്കാനുള്ള സാധ്യതയാണ് കൂടുന്നത്.

ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ വഴിയാണ് കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചത്. 10 പുതിയ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം വ്യവസായ മന്ത്രി പി. രാജീവിൻ്റെ സാന്നിധ്യത്തിലാണ് കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ് ഐഎഎസ് കേരള സർക്കാരിന് വേണ്ടി കരാറിൽ ഒപ്പുവച്ചു.

ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തു. കരാർ പ്രകാരം കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമാണം, ടൂറിസം, ഐ.ടി. ഊർജം, പരിസ്ഥിതി, ആയുർവേദം, വെൽഫെയർ & ഹെൽത്ത് കെയർ എന്നീ പ്രധാന മേഖലകളിൽ ഇരുഭാഗവും സഹകരണം ശക്തമാക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ കേരളത്തിൽ നിന്നുള്ള 17 യുവാക്കൾക്ക് ജപ്പാനിൽ തൊഴിൽ ലഭിച്ചിട്ടുണ്ട്. ജപ്പാൻ-കേരള സഹകരണത്തിനായുള്ള പ്രവർത്തനരേഖ മൂന്ന് മാസത്തിനകം അന്തിമമാക്കും. പരിപാടിയുടെ ഭാഗമായി രണ്ട് ദിവസം ജപ്പാന്‍ മേളയും നടന്നു.

Tags

Share this story

From Around the Web