മരണമുഖത്ത് ശാന്തനായി ആ യുവാവ്; കുരിശിൽ മുറുകെപ്പിടിച്ച് അഗ്നിബാധയിൽ നിന്ന് അത്ഭുതകരമായ അതിജീവനം
ബേൺ: സ്വിറ്റ്‌സർലൻഡിലെ സ്കീ ബാറിലുണ്ടായ ഭീകരമായ തീപിടുത്തത്തിനിടയിൽ നിന്ന് ഒരു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത ലോകശ്രദ്ധ നേടുന്നു. പുതുവത്സരാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ 47 പേർക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിലാണ്, വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായി ഈ യുവാവിന്റെ അതിജീവനം ചർച്ചയാകുന്നത്.
തീപിടുത്തത്തിൽ കുടുങ്ങിയ യുവാവ് പരിഭ്രാന്തനാകാതെ താൻ ധരിച്ചിരുന്ന കുരിശിൽ മുറുകെപ്പിടിച്ച് ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ലെറ്റിഷ്യ പ്ലേസ് പറയുന്നു. ചുറ്റും പുകയും തീയും പടർന്ന് ആളുകൾ നെട്ടോട്ടമോടുമ്പോഴും ഇയാൾ ശാന്തനായി ഇരുന്നുകൊണ്ട് തന്റെ കുരിശിൽ പിടിച്ചു. ഒടുവിൽ സമീപത്തെ ജനൽ തകർത്ത് ഇയാൾ പുറത്തേക്ക് ചാടി. അത്ഭുതകരമെന്നു പറയട്ടെ തീജ്വാലകൾ ഇയാളെ സ്പർശിച്ചിരുന്നില്ല.
ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണ്. ആഘോഷങ്ങൾക്കിടെ ഉണ്ടായ അപ്രതീക്ഷിത തീപിടുത്തം നിമിഷങ്ങൾക്കുള്ളിൽ ബാറിനെ അഗ്നിക്കിരയാക്കുകയായിരുന്നു. ഈ വലിയ നഷ്ടത്തിനിടയിലും, മരണമുഖത്ത് ശാന്തമായി നിലകൊണ്ട ആ യുവാവിന്റെ അതിജീവനം പലർക്കും പ്രത്യാശയുടെ സന്ദേശമായി മാറിയിരിക്കുകയാണ്.
യുവാവിന്റെ അതിജീവനം കേവലം യാദൃശ്ചികതയല്ലെന്നും ദുരന്തങ്ങൾക്കിടയിലും മനുഷ്യന് ലഭിക്കുന്ന ആത്മവിശ്വാസത്തിന്റെയും കൃപയുടെയും അടയാളമാണെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. ഡെയ്‌ലി മെയിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.