ചൂടിൽ വെന്തുരുകി ലോകം; 2025 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ വർഷം
ലോകം നേരിടുന്ന കടുത്ത ചൂടിന് വരുംവർഷങ്ങളിലും കുറവുണ്ടാകില്ലെന്ന് കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 2025 നെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ വർഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 11 വർഷങ്ങളാണ് ലോകം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ ചൂട് അനുഭവിച്ച കാലമെന്നും യൂറോപ്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.
ഭൂമിയിലെ ചൂട് ഓരോ വർഷവും ക്രമാതീതമായി കൂടുന്നത് വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്. വരുംവർഷങ്ങളിലും പുതിയ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് ചൂട് കൂടാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാർബൺ പുറന്തള്ളുന്നത് കുറച്ചാൽ മാത്രമേ ഈ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിക്കൂ എന്ന് ഐക്യരാഷ്ട്രസഭ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം, മഞ്ഞുമലകൾ ഉരുകുന്നതും കടലിലെ താപനില ഉയരുന്നതും കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്. വടക്കൻ യൂറോപ്പിലും മധ്യേഷ്യയിലും കഴിഞ്ഞ വർഷം റെക്കോർഡ് ചൂടാണ് അനുഭവപ്പെട്ടത്. വരാനിരിക്കുന്ന 2026 ലും ഇതേ നില തുടരാനാണ് സാധ്യതയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.