കാത്തിരിപ്പിന് വിരാമം... മെസ്സി ഇന്ന് ഇന്ത്യയിലെത്തുന്നു; ആദ്യ പരിപാടി നാളെ കൊൽക്കത്തയിൽ

 
messi

ഡൽഹി: ഇതിഹാസ താരം ലയണൽ മെസ്സി ഇന്ന് ഇന്ത്യയിലെത്തും. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025ൻ്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തുക. മൂന്ന് ദിവസത്തെ സന്ദർശനത്തനത്തിനായി ഇന്ന് അർധ രാത്രിയോടെയാണ് മെസ്സിയെത്തുക. നാല് സംസ്ഥാനങ്ങളിലെ വിവിധ പരിപാടികളിൽ അർജൻ്റൈൻ നായകൻ പങ്കെടുക്കും.

14 വർഷത്തിന് ശേഷം വീണ്ടും മിശിഹായുടെ കാൽപാദം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പതിക്കും. മെസ്സിക്കൊപ്പം സൂപ്പർ താരങ്ങളായ റോഡ്രിഗോ ഡിപോളും ലൂയിസ് സുവാരസും ഇന്ത്യയിലെത്തും. ശനിയാഴ്ച കൊൽക്കത്തയിലെത്തുന്ന താരങ്ങൾ 70 അടി ഉയരമുള്ള മെസ്സി പ്രതിമ അനാച്ഛാദനം ചെയ്യും. പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ ഓൺലൈനായിട്ടായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സിനിമാതാരങ്ങളും മറ്റ് പ്രമുഖരും ഉൾപ്പെടുന്ന ഗോട്ട് കപ്പിൽ മെസ്സി ബൂട്ട് അണിയും. ഉച്ചയോടെ ദക്ഷിണേന്ത്യയിലെ ഏക സന്ദർശന വേദിയായ ഹൈദരാബാദിലേക്ക്. തെലങ്കാന സർക്കാരിൻ്റെ രണ്ടാം വാർഷിക ആഘോഷത്തിൽ മെസ്സി മുഖ്യാതിഥിയായി എത്തും. വിവിധ പാർട്ടി നേതാക്കളും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ കൂടെ മെസ്സിയും സുവാരസും ഡി പോളും പന്ത് തട്ടും. മെസ്സിക്കൊപ്പം പന്ത് തട്ടാനായി രേവന്ത് റെഡ്ഡി ആഴ്ചകൾക്ക് മുമ്പേ പരിശീനം ആരംഭിച്ചിരുന്നു.

ഞായറാഴ്ച മുംബൈയിലാണ് മെസ്സിയുടെ പരിപാടി. ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾ, കോടീശ്വരന്മാർ, പ്രമുഖ മോഡലുകൾ തുടങ്ങിയവർ ക്ഷണിതാക്കളായെത്തുന്ന ഫാഷന്‍ ഷോയിൽ മെസ്സി ഭാഗമാകും. രാത്രിയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും രാജ്യതലസ്ഥാനത്ത് സംഘാടകർ നടത്തും. മെസ്സിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തനത്തിന് കൂടിയാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web