മാഡ്രിഡിലെ മരിയൻ തീർഥാടന കേന്ദ്രത്തെ മൈനർ ബസിലിക്കയായി ഉയർത്തി വത്തിക്കാൻ

 
083

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ പ്രശസ്തമായ ‘മേരി ഹെൽപ്പ് ഓഫ് ക്രിസ്റ്റ്യൻസ്’ (Mary Help of Christians) ഇടവക ദേവാലയത്തെ വത്തിക്കാൻ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഏപ്രിൽ 19 ഞായറാഴ്ച, മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോസ് കോബോ, മൈനർ ബസിലിക്കയായി ഉയർത്തിയതിന് നന്ദിയർപ്പിച്ചുകൊണ്ട് ദിവ്യബലി അർപ്പിച്ചു.

ആരാധനാക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. വർഷങ്ങളായി മാഡ്രിഡിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ ദേവാലയം സലേഷ്യൻ സഭയുടെ കീഴിലുള്ളതാണ്. ഈ ദേവാലയത്തിന്റെ ചരിത്രപരമായ മൂല്യവും അവിടെ നടന്നുവരുന്ന തീർത്ഥാടനങ്ങളുടെ പ്രാധാന്യവുമാണ് ബസിലിക്ക പദവിയിലേക്ക് ഉയർത്തുന്നതിന് കാരണമായത്.

ഒരു ദേവാലയം ആഗോള സഭയുമായും മാർപാപ്പയുമായും പുലർത്തുന്ന സവിശേഷമായ ആത്മീയ ബന്ധത്തെയാണ് ബസിലിക്ക പദവി സൂചിപ്പിക്കുന്നത്. ഇതോടെ സഭയുടെ ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാനും പ്രത്യേക തിരുനാളുകളിൽ പൂർണ്ണ ദണ്ഡവിമോചനം നൽകാനുമുള്ള അധികാരം ഈ ദേവാലയത്തിന് ലഭിക്കും.

മാഡ്രിഡിലെ വിശ്വാസികൾക്ക് ഈ അംഗീകാരം വലിയൊരു ആത്മീയ നേട്ടമാണ്. മരിയൻ ഭക്തിക്ക് വലിയ പ്രാധാന്യമുള്ള സ്പെയിനിൽ ഈ പുതിയ ബസിലിക്ക വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെ ആകർഷിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സലേഷ്യൻ സഭാംഗങ്ങളും ഈ സന്തോഷത്തിൽ പങ്കുചേർന്നു.

Tags

Share this story

From Around the Web