സംസ്ഥാനം വീണ്ടും നിപ ഭീതിയിൽ; കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ

സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രഖ്യാപിച്ച വൈറോളജി ലാബിന്‍റെ നിര്‍മാണം അനിശ്ചിത്വത്തിലാണ്. നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 8 വർഷങ്ങൾക്കിപ്പുറവും ലാബ് ഇപ്പോഴും നിര്‍മാണഘട്ടത്തില്‍ തന്നെയാണ്.
വേഗത്തില്‍ രോഗ നിര്‍ണയം സാധ്യമാക്കുന്നതിനോടൊപ്പം വേഗത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആധുനിക സജ്ജീകരണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലെവല്‍ മൂന്ന് ലാബ് പ്രഖ്യാപിച്ചത്. 2019 ഐസിഎംആർ അനുവദിച്ച 5.5 കോടി ഉപയോഗിച്ച് നിർമാണം ആരംഭിച്ചെങ്കിലും രണ്ട് തവണ പ്രവൃത്തി മുടങ്ങി.
പിന്നീട് 2021 ല്‍ എസ്റ്റിമേറ്റ് തുക 11 കോടിയായി ഉയർത്തി വീണ്ടും പുനരാരംഭിച്ചെങ്കിലും ലാബിൻ്റെ നിർമ്മാണം ഇന്നും പാതി വഴിയിലാണ്. കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്നമാണ് ലാബിന്‍റെ പ്രവര്‍ത്തനം വൈകുന്നതിന്‍റെ പ്രധാനകാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. നിലവിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന ലാബിലേക്ക് വിതരണം ചെയ്ത വിലകൂടിയ പല ഉപകരണങ്ങൾ എത്തിച്ചിട്ട് മാസങ്ങളായി.
മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിൽ നിലവിൽ പ്രാഥമിക പരിശോധന നടത്തുന്നുണ്ട്.. തുടർന്ന് അന്തിമപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയയ്‌ക്കും. എന്നാൽ കോഴിക്കോട്ടെ വൈറോളജി ലാബ് യാഥാർത്ഥ്യമാകുന്നതോടെ വേഗത്തിലുള്ള പരിശോധനാഫലം രോഗപ്രതിരോധത്തിനടക്കം സഹായകമാകു .