പിളർപ്പിനെ അതിജീവിക്കാൻ കഴിയില്ല; യൂടേൺ അടിച്ച് ജോസ് കെ മാണി, കേരളാ കോൺഗ്രസ് എൽ ഡി എഫിൽ തുടരും
കേരളാ കോൺഗ്രസ് എം എൽ ഡി എഫ് വിടുമോ? കുറച്ചു ദിവസങ്ങളായി ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം.”യേശുക്രിസ്തു പറയുന്നുണ്ട്, ജെറുസലേമിലെ സഹോദരന്മാരെ നിങ്ങൾ എന്നെ ഓർത്ത് കരയേണ്ട, നിങ്ങളേയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ…” എന്ന ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചായിരുന്നു ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം ആരംഭിച്ചത്.
കേരളാ കോൺഗ്രസ് എം എൽ ഡി എഫിൽ തുടരും. കേരളാ കോൺഗ്രസ് എം എവിടെയാണോ അവിടെയായിരിക്കും അധികാരം. എൽ ഡി എഫിൽ ഉറച്ചുനിൽക്കുമെന്നും, രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റം വരുത്തേണ്ട സാഹചര്യമൊന്നും നിലവിൽ ഇല്ലെന്നായിരുന്നു പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണിയുടെ വാക്കുകൾ.
മുന്നണി മാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്. തങ്ങൾക്ക് വിവിധയിടങ്ങളിൽ നിന്നും ക്ഷണമുണ്ട്, എല്ലാ സ്ഥലങ്ങളിൽ നിന്നും വിളിവരുന്നുണ്ടെന്നും, കേരളാ കോൺഗ്രസ് എമ്മിന് പ്രാധാന്യമുള്ളതിനാലാണ് അത്തരത്തിൽ ക്ഷണം വരുന്നത് എന്നുമാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്. തൽക്കാലം എൽ ഡി എഫിന്റെ ഭാഗമായി തുടരുമെന്നുമാത്രമാണ് ജോസ് കെ മാണി സൂചിപ്പിച്ചത്.
അധികാരം നിലനിർത്തണമെങ്കിൽ ഞങ്ങളുടെ സഹായം ആവശ്യമാണെന്ന സൂചനകൂടി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി നൽകുന്നുണ്ട്. ജോസ് കെ മാണിയും കേരളാ കോൺഗ്രസും ഉടൻ യു ഡി എഫിന്റെ ഭാഗമാവുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് ജോസ് കെ മാണി മുന്നണിമാറ്റത്തിൽ വ്യക്തതവരുത്തിയിരിക്കുന്നത്.