രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ ക്രിസ്തുവുമായുള്ള സൗഹൃദത്തിലേക്കു വിളിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ ക്രിസ്തുവുമായുള്ള സൗഹൃദത്തിലേക്ക് വിളിക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പ. ജനുവരി 14 നു നടന്ന പൊതുസദസ്സിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിനും അതിന്റെ പ്രമാണങ്ങളുടെ പുനഃവായനയ്ക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന തന്റെ പുതിയ മതബോധന പരമ്പരയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുന്നില്ല. കാരണം, ദാസൻ തന്റെ യജമാനൻ ചെയ്യുന്നത് എന്താണെന്ന് അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതർ എന്ന് വിളിച്ചിരിക്കുന്നു” – വി. യോഹന്നാന്റെ സുവിശേഷഭാഗത്തിലെ യേശുവിന്റെ വാക്കുകൾ ലെയോ പാപ്പ ഓർമ്മിപ്പിച്ചു. വെളിപാടിനെക്കുറിച്ചുള്ള പ്രമാണ ഭരണഘടനയായ ‘ദെയ് വെർബും’ കൗൺസിലിലെ ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമായ പ്രമാണങ്ങളിൽ ഒന്നാണെന്ന് പാപ്പ ഇതിനെ വിശേഷിപ്പിച്ചു.
“യേശുക്രിസ്തു ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ സമൂലമായി പരിവർത്തനം ചെയ്യുന്നു. അത് ഇനിമുതൽ സൗഹൃദത്തിന്റെ ബന്ധമാണ്. അതിനാൽ, പുതിയ ഉടമ്പടിയുടെ ഏകവ്യവസ്ഥ സ്നേഹമാണ്. നാം ദൈവത്തിനു തുല്യരല്ല, ദൈവവും മനുഷ്യവർഗവും തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും അസമമായി തുടരുന്നു. കാരണം, നാം സ്രഷ്ടാവിന്റെ സൃഷ്ടികൾ മാത്രമാണ്” – പാപ്പ വ്യക്തമാക്കി.