കൊട്ടിക്കലാശം കഴിഞ്ഞു, രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തൃശൂർ മുതൽ കാസർകോട് വരെ ഏഴു ജില്ലകളിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിൻ്റെ സമയമാണ്. അവസാന വോട്ടും പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ.
ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിലാണ് വടക്കൻ ജില്ലകൾ പോളിങ് ബൂത്തിലേക്ക് പോകുന്നത്. കൊട്ടിക്കലാശത്തിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ഇന്ന് വിതരണം ചെയ്യും. രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഉപകരണങ്ങൾ വിതരണം ചെയ്യുക.
470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
പഞ്ചായത്തുകളിൽ 28,288, ബ്ലോക്കിലേക്ക് 3,742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റിയിലേക്ക് 5,551, കോർപറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. കണ്ണൂർ ജില്ലയിൽ 14, കാസർകോട് രണ്ടും വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 81,13,064 സ്ത്രീകൾ ഉൾപെടെ 1,53,78,937 വോട്ടർമാരാണുള്ളത്.