ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുന്ന സംഘപരിവാര്‍, ഓണാഘോഷ പരിപാടികളില്‍ ഇസ്ലാമിൽപെട്ട വിദ്യാര്‍ഥികൾ പങ്കെടുക്കെരുതെന്നു മുസ്ലീം മാനേജ്‌മെന്റ് സ്‌കൂള്‍. കേരളത്തിന്റെ മതേതരമൂല്യങ്ങള്‍ക്കു മുറിവേല്‍ക്കുന്നു

കോട്ടയം: ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്.. മലയാളി എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഓണാഘോഷവും നടക്കാറുണ്ട്. എന്നാല്‍, കേരളത്തിലെ ഒരു സ്‌കൂളിലെ ഓണാഘോഷ പരിപാടികളില്‍ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികൾ പങ്കെടുക്കരുതെന്നു മാനേജ്‌മെന്റിന്റെ നിര്‍ദേശം ഉണ്ടെന്ന ശബ്ദ സന്ദേശം അധ്യാപകർ അയച്ചത് ഞെട്ടലോടെയാണു മലയാളി കേട്ടത്.
തൃശൂര്‍ പെരുമ്പിലാവിലുള്ള സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപകരാണ് ഇത്തരത്തില്‍ സന്ദേശം അയച്ചിരിക്കുന്നത്. രണ്ട് അധ്യാപകരാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ശബ്ദസന്ദേശം അയച്ചിരിക്കുന്നത്.
ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മറ്റ് മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ ഒരുതരത്തിലും പങ്കുകൊള്ളാന്‍ പാടില്ല. ആഘോഷത്തില്‍ നമ്മളോ നമ്മുടെ മക്കളോ ആരുംതന്നെ പങ്കെടുക്കുന്നില്ല.
വേഷവിധാനത്തിലാണെങ്കിലും മറ്റെന്ത് കാര്യത്തിലാണെങ്കിലും ആ ആചാരത്തോട് ഒരുവിധത്തിലും നമ്മള്‍ ഒത്തുപോകാന്‍ പാടില്ല. അത്തരം പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന അധ്യാപികയുടെ വാക്കുകള്‍ ഇന്നു കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മത ഭിന്നതയുടെ തെളിവാണ്. കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം എന്നുപോലും ഈ അധ്യാപിക ഓര്‍ത്തില്ല.
കഴിഞ്ഞ ക്രിസ്മസിനാണ് സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി ) പാലക്കാട്ടെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞത്. ഗവ യു.പി സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് വിഎച്ച്പി പ്രവര്‍ത്തകരെ പിന്നീട് റിമാന്റ് ചെയ്തിരുന്നു.
കേരളത്തില്‍ മനുഷ്യര്‍ക്കിടയില്‍ മതം കൊണ്ടു ഭിന്നത ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങള്‍. കൃത്യമായ ഭിന്നത ഉണ്ടാക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു എന്നതും തള്ളിക്കളയനാവാത്ത ഒന്നാണ്. എന്നാല്‍, ഇത്തരം സംഘടനകള്‍ക്കെതിരെയോ വ്യക്തികള്‍ക്കെതിരെയോ നിമയനടപടികള്‍ ഉണ്ടാകുന്നില്ലെന്നുള്ളതാണ് വസ്തുത.
ഒരുകാലത്ത് മതേതരത്വത്തിനും സാമൂഹിക ഐക്യത്തിനും പേരുകേട്ട കേരളത്തില്‍ വര്‍ധിച്ചുവരുന്ന തീവ്ര ഇസ്ലാമിക പ്രവര്‍ത്തനങ്ങളും തീവ്ര ഹൈന്ദവപ്രവര്‍ത്തനങ്ങളും കാരണം ഇപ്പോള്‍ കൂടുതൽ ഭിന്നതയിലേക്കു നീങ്ങുകയാണ്.
കേരളത്തിലെ തീവ്ര ആശയങ്ങളുടെ പ്രചാരണങ്ങളെ തയാന്‍ ഭരണകൂടങ്ങള്‍ക്കോ രാഷ്ട്രീയ പ്രസ്ഥനാങ്ങള്‍ക്കോ സാധിക്കുന്നില്ല. പരകം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇക്കൂട്ടരുടെ പിന്തുണ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നുണ്ടുതാനും. ഇപ്പോള്‍ ഒറ്റപ്പെട്ടു മാത്രം നടക്കുന്ന ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ വ്യാപിക്കുമെന്ന ആശങ്ക ശക്തമാണ്.