'വെളിപ്പെടുത്തലുകൾ സ്‌ഫോടനാത്മകം'; വോട്ട് അട്ടിമറിയിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഎം

തൃശൂർ: വോട്ട് അട്ടിമറിയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് സിപിഎം. രാഹുൽ ഗാന്ധി നടത്തിയത് സ്‌ഫോടനാത്മകമായ വെള്ളിപ്പെടുത്തലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നടത്തണമെന്നും ബേബി ആവശ്യപ്പെട്ടു.
മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ നടത്തിയ ക്രമക്കേടുകൾ ആറു മാസത്തെ പഠനത്തിന് ശേഷമാണ് രാഹുൽ വെളിപ്പെടുത്തിയത്. ഇൻഡ്യാ സഖ്യത്തിലെ നേതാക്കൾക്ക് മുന്നിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും ബേബി പറഞ്ഞു.
ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് മുമ്പ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടന്നിട്ടില്ല. ഇതിൽ ദുരുദ്ദേശ്യമുണ്ട്. തൃശൂരിലെ വോട്ടർ പട്ടിക അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകളിലും അന്വേഷണം വേണമെന്നും ബേബി ആവശ്യപ്പെട്ടു.