സഭയുടെ തീരുമാനം അനുസരിച്ചല്ല കോൺഗ്രസ് പുനഃസംഘടന; ഓർത്തഡോക്സ് സഭയ്ക്ക് മറുപടിയുമായി സണ്ണി ജോസഫ്

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സഭയുടെ തീരുമാനമനുസരിച്ചല്ല കോൺഗ്രസ് പുനഃസംഘടന നടക്കുക. എല്ലാവർക്കും നൂറുശതമാനം തൃപ്തി അവകാശപ്പെടുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അതിനിടെ പുനഃസംഘടനാ വിഷയത്തിൽ എ ഐ ഗ്രൂപ്പുകൾ കെ. സി. വേണുഗോപാലിനെതിരെ പടയൊരുക്കം തുടങ്ങി.
യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് അബിൻ വർക്കിക്കുവേണ്ടിയും കെപിസിസി ജനറൽ സെക്രട്ടറി പട്ടികയിൽ നിന്ന് തഴയപ്പെട്ട ചാണ്ടി ഉമ്മനുവേണ്ടിയും ഓർത്തഡോക്സ് സഭ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. സഭയുടെ മക്കളാണ് ഇവർ രണ്ടുപേരും എന്നും ഇവരെ തഴഞ്ഞത് അംഗീകരിക്കാൻ ആകില്ലെന്നും ആയിരുന്നു സഭയുടെ നിലപാട്.
ഇതിനെതിരെയാണ് കെപിസിസി അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്. സാമുദായിക പരിഗണനകൾ നോക്കാറുണ്ടെന്ന് സമ്മതിച്ച കെപിസിസി അധ്യക്ഷൻ പക്ഷേ തീരുമാനങ്ങളിൽ സഭ ഇടപെടേണ്ട എന്ന് പറഞ്ഞു വച്ചു.
കെപിസിസി പുനഃസംഘടനയിൽ ചില അതൃപ്തികൾ ഉണ്ടെങ്കിലും അതൊക്കെ ചർച്ചയിലൂടെ പരിഹരിക്കും എന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. അതിനിടെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ കൂടി അനുനയപ്പെടുത്തി എ, ഐ ഗ്രൂപ്പുകൾ കെസി വേണുഗോപാലിനെതിരെ ഒരുമിക്കുകയാണ്.
സ്വന്തം ആളുകളെ പുനഃസംഘടനയിൽ തിരികെ കയറ്റുന്നു എന്നാണ് കെ. സി. വേണുഗോപാലിനെതിരെ ഉയർത്തുന്ന ഗുരുതരാരോപണം. കേരള രാഷ്ട്രീയത്തിലേക്ക് പിടിമുറുക്കുന്ന കെ. സി. വേണുഗോപാൽ പരമാവധി പേരെ ഒപ്പം ചേർക്കാനുള്ള നീക്കം നടത്തുകയാണ് എന്നും ഗ്രൂപ്പുകൾ ആരോപിക്കുന്നു.