എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദീകര്‍ക്ക് പണി വരുന്നു! ഫാ. വര്‍ഗീസ് മണവാളനടക്കം നാലു വൈദീകര്‍ പുറത്തേക്ക്. സഭാ കോടതിയില്‍ ഇത്തവണ ഹാജരായില്ലെങ്കില്‍ നടപടികളുമായി മുമ്പോട്ടു പോകും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി വരുന്നു. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സഭാ കോടതി നടപടികള്‍ വേഗത്തിലായതോടെ നാലു വൈദീകര്‍ ഉടന്‍ പുറത്തുപോകേണ്ടി വരും.
പാലാരിവട്ടം, തൃപ്പൂണിത്തുറ, മാതാനഗര്‍, ബസലിക്ക പള്ളികളിലെ വികാരിമാരായിരുന്ന വൈദീകര്‍ക്കെതിരെയാണ് നടപടി വരുന്നത്.
ഫാ. ജോസഫ് പാമ്പാറ സിഎംഐ അധ്യക്ഷനായ സഭാ കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ ഇവര്‍ക്ക് നല്‍കിയിട്ടുള്ള അവസാന അവസരം അടുത്തയാഴ്ചയാണ്.
ഇതിനു മുമ്പ് പലവട്ടം സഭാ കോടതിയില്‍ ഹാജരാകാന്‍ ഇവർക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇവര്‍ അനുസരിച്ചിരുന്നില്ല.
ഇതോടെ അവസാന അവസരം ഏപ്രില്‍ അവസാന വാരം നല്‍കുകയായിരുന്നു.
ഇത്തവണ കൂടി ഇവര്‍ സഭാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ സാക്ഷികളെ വിസ്തരിച്ച് നടപടികളിലേക്ക് കടക്കാന്‍ സഭാ കോടതിക്ക് കഴിയും.
ഇത്തവണയും വിമതര്‍ സഭാ കോടതിയില്‍ എത്തില്ലെന്നാണ് വിവരം.
നേരത്തെ ഈ നാലു വൈദീകരോടും സഭാ കോടതിയിലെത്തി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ബസലിക്ക അടക്കമുള്ള ഇടവകകളില്‍ നിന്നും ഈ വൈദീകരെ മാറ്റി പകരം ഇടവക അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിച്ചിരുന്നു.
എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍മാരെ പള്ളിയില്‍ കയറ്റുവാനോ ചുമതല കൈമാറാനോ ഈ വൈദീകര്‍ തയ്യാറായില്ല. ചുരുക്കം ചില വിശ്വാസികളെ സംഘടിപ്പിച്ച് വൈദീകരെ കയ്യേറ്റം ചെയ്യാനും ഇവര്‍ ശ്രമിച്ചിരുന്നു.
പള്ളിയില്‍ നിന്നും മാറി താമസിക്കാനോ ചുമതലകള്‍ കൈമാറാനോ തയ്യാറാകാതെ ഇരുന്ന ഇവര്‍ സിവില്‍ കോടതികളെ സമീപിക്കുകയും ചെയ്തിരുന്നു. ഇത് കാനോന്‍ നിയമങ്ങളുടെ ലംഘനവുമാണ്.
നിലവില്‍ സഭാ കോടതിയില്‍ നിന്നും വിമതര്‍ക്ക് എതിരാണ് വിധിയെങ്കില്‍ ഇനി അപ്പീല്‍ വത്തിക്കാനില്‍ മാത്രമെ നല്‍കാന്‍ കഴിയൂ. സഭാ സിനഡിന് ഇക്കാര്യത്തില്‍ ഇടപെടാനാകില്ല എന്നതും വിമതര്‍ക്ക് തിരിച്ചടിയാണ്.