പ്രതിഷേധം കനത്തു; യേശുക്രിസ്തുവായി സ്വയം പ്രത്യക്ഷപ്പെടുന്ന ചിത്രം പിന്‍വലിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വയം യേശുവിനെപ്പോലെ ചിത്രീകരിക്കുന്ന വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ഈ ചിത്രത്തില്‍, ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് ചിത്രീകരിച്ചിരുന്നത്.
ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയില്‍ തിളങ്ങുന്ന കൈ വെച്ചിരിക്കുന്നതായിരുന്നു ആ ചിത്രം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ പെയിന്റിങുകള്‍ക്ക് സമാനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും അമേരിക്കന്‍ പതാകയും യുദ്ധവിമാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
'താന്‍ ആളുകളെ വളരെയധികം മെച്ചപ്പെട്ടവരാക്കുന്നുണ്ട്, ട്രംപ് പറഞ്ഞു. ചിത്രം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റായ ഷോണ്‍ ഫ്യൂച്ച് പ്രതികരിച്ചു. മതവിശ്വാസികള്‍ ട്രംപിന്റെ ഈ ചെയ്തിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു.