സ്വർണവില ഉയർന്നു തന്നെ; പവന് 95,000 രൂപക്ക് തൊട്ടരികെ

സംസ്ഥാനത്ത് സ്വർണവില 95,000ത്തിന് തൊട്ടരികെ. ബുധനാഴ്ച പകൽ രണ്ടുതവണ ഉയർന്ന അതേ വിലയിലാണ് ഇന്നും വിൽപ്പന നടക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിലയിൽ മാറ്റം വന്നേക്കാമെന്ന് സൂചനയുണ്ട്. എന്നാൽ വിപണിയിലെ ഡിമാൻഡ് അനുസരിച്ചാകും ഇത് പ്രതിഫലിക്കുക.
ബുധനാഴ്ച രാവിലെയും ഉച്ചക്കും 400 രൂപ വീതമാണ് പവന് വർധിച്ചത്. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഈ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് പത്ത് രൂപ കൂടിയാൽ പവൻ വില 95,000 രൂപയിലെത്തും.
അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 37.71 ഡോളർ കൂടി 4,226.73 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഈ പോക്ക് തുടർന്നാൽ കേരളത്തിൽ പവൻ വില ഒരുലക്ഷത്തിലെത്താൻ അധികനാൾ വേണ്ടി വരില്ല.
ഇപ്പോൾ തന്നെ ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയുമടക്കം ഒരുലക്ഷത്തിലേറെ നൽകണം. അന്താരാഷ്ട്ര വിപണിയിലെ വില വർധന ഉച്ചതിരിഞ്ഞ് കേരളത്തിലും പ്രതിഫലിച്ചേക്കും.