സുഡാനിലെ ജനങ്ങൾ അനുഭവിക്കുന്നത് നരകതുല്യമായ ദുരിതം; യുദ്ധം രാജ്യത്തെ കുരുതിക്കളമാക്കുന്നുവെന്ന് യുഎൻ

 
sudan

ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ജനങ്ങൾ അനുഭവിക്കുന്നത് നരകതുല്യമായ ദുരിതങ്ങളാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. 2023 ഏപ്രിൽ മുതൽ ആരംഭിച്ച യുദ്ധം സുഡാനെ പട്ടിണിയിലേക്കും കൂട്ടക്കൊലകളിലേക്കും തള്ളിവിട്ടിരിക്കുകയാണ്. സമാധാനത്തിനും ജനങ്ങളുടെ സംരക്ഷണത്തിനും ഉപയോഗിക്കേണ്ട പണം അത്യാധുനിക ആയുധങ്ങളും ഡ്രോണുകളും വാങ്ങാൻ വിനിയോഗിക്കുന്നതിനെ അദേഹം രൂക്ഷമായി വിമർശിച്ചു.

സുഡാനിലെ ജനങ്ങൾ കൊടും പട്ടിണിയും അരക്ഷിതാവസ്ഥയും നേരിടുകയാണ്. രാജ്യത്തെ രണ്ട് കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നും വോൾക്കർ ടർക്ക് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പട്ടിണി മാറ്റാൻ ഉപയോഗിക്കേണ്ട ഫണ്ടുകൾ യുദ്ധത്തിനാവശ്യമായ ആയുധങ്ങൾക്കും ഡ്രോണുകൾക്കും വേണ്ടി ചെലവഴിക്കുന്നത് അത്യന്തം അപലപനീയമാണ്. 

യുദ്ധത്തിൽ കുട്ടികളെ സൈനികാവശ്യങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഡാർഫർ മേഖലയിൽ നിന്ന് രക്ഷപ്പെട്ടവർ പങ്കുവെച്ച അനുഭവങ്ങൾ ഞെട്ടിക്കുന്നതാണ്. സുഡാൻ സൈന്യവും പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള അധികാരായ തർക്കമാണ് രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇതുവരെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 1.1 കോടിയിലധികം ആളുകൾ അഭയാർത്ഥികളായി പലായനം ചെയ്യുകയും ചെയ്തു.

യുദ്ധത്തിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നുണ്ടെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. എൽ-ഫാഷർ, ഡാർഫർ തുടങ്ങിയ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളായി പരിഗണിക്കാമെന്നും ഇതിന് ഉത്തരവാദികളായവർ നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും യുഎൻ മനുഷ്യാവകാശ മേധാവി വ്യക്തമാക്കി.

Tags

Share this story

From Around the Web